Saturday, November 23, 2024
Local News

പൂട്ടിയ ക്വാറി തുറക്കണമെന്ന് മുൻ എംഎൽഎ; സിപിഎമ്മിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരടക്കം 46 പേർ രാജിക്ക്


പത്തനംതിട്ട: ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ 46 പേർ നേതൃത്വത്തിന് രാജി കത്തുനൽകി. വയനാട് ദുരന്തം കൺമുന്നിലുള്ളപ്പോൾ എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.

ക്വാറി തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പെടെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധ യോഗമാണ് മുൻ എംഎൽഎ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തത്. പ്രമാടം പഞ്ചായത്തിലെ ആമ്പാടിയിയിൽ ഗ്രാനൈറ്റ്സ് എന്ന ക്വാറി വീണ്ടും തുറക്കണമെന്നും ടിപ്പർ, ടോറസ് തൊഴിലാളികളുടെ തൊഴിൽസംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യോഗം. എന്നാൽ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി ക്വോറി വീണ്ടും തുറക്കരുതെന്ന് നാട്ടുകാർ പറയുന്നു.

ക്വാറി തുറക്കുന്നതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുള്ളപ്പോഴാണ് മുൻ എംഎൽഎ ക്വാറിക്കായി രംഗത്തെത്തിയത്. രാജു എബ്രഹാം ഉദ്ഘാടകനായി പങ്കെടുത്ത് പരിപാടി നടത്തരുതെന്ന് സിപിഎം പ്രാദേശിക ഘടകങ്ങൾ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ എതിർപ്പ് കോന്നി ഏരിയ നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. രാജു എബ്രഹാം പങ്കെടുത്ത് പ്രതിഷേധ യോഗം നടന്നു. ഇതോടെയാണ് ബ്രാ‍ഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 46 പെർ രാജി കത്തുനൽകിയത്.

ക്വാറി തുറക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഗ്രാമരക്ഷാസമിതിയും അറിയിച്ചു. ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കാനുള്ള നീക്കത്തിലാണ് സമിതിയെന്ന് ഗ്രാമരക്ഷാസമിതിയെന്ന് നേതൃത്വ രംഗത്തുള്ള സുജിത്ത് പറഞ്ഞു.

200 ലധികം ടിപ്പർ ടോറസ് തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാണെന്നും അതുകൊണ്ടാണ് സിഐടിയുവിന്‍റെ ചുമതലക്കാരനെന്ന് നിലയിൽ പരിപാടിയിൽ പങ്കെടുത്തതെന്ന് രാജു എബ്രാഹം പറഞ്ഞു. ക്വാറി വീണ്ടും തുറക്കാനുള്ള നിയമപരമായ നടപടികൾ കോടതിയും വ്യവസായ വകുപ്പിലും പൂർത്തിയായെന്നും ഒരു മാസത്തിനുള്ളിൽ സർക്കാരിൽ നിന്ന് അനുമതി ലഭിക്കുമെന്നും ആമ്പാടിയിയിൽ ഗ്രാനൈറ്റ്സ് കമ്പനി അറിയിച്ചു.


Reporter
the authorReporter

Leave a Reply