ChramamLatestPolitics

മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.

Nano News

കൊച്ചി:മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു.73 വയസ്സായിരുന്നു.

അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ടുതവണ മട്ടാഞ്ചേരി എം എൽ എ ആയിരുന്നു. പിന്നീട് രണ്ടു രണ്ടുതവണ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി.

2005ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.

വിടവാങ്ങിയത് മുസ്ലിംലീഗിന്റെ സമുന്നത നേതാവ്.
കേരളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളിലൊരാളും മുൻ എം എൽ എയുമാണ് വിട വാങ്ങിയ വി കെ ഇബ്രാഹിം കുഞ്ഞ്.

മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലു തവണ തുടർച്ചയായി എം എൽ എയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ യു എം എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചു. സർവ്വേ അടിസ്ഥാനമാക്കിയാണ് പത്രം മികച്ച മന്ത്രിയെ തെരഞ്ഞെടുക്കുന്നത്. 2012 കേരള രത്ന പുരസ്കാരവും, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്കാരവും, യു എസ് എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

കൊച്ചിൻ ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലൻറ് ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു.

കേരള നിയമസഭയുടെ അഷൂറൻസ് കമ്മറ്റി ചെയർമാൻ, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുണ്ടായിരുന്നു.

*ഇബ്രാഹിം കുഞ്ഞിന്റെ കബറടക്കം നാളെ.*

അന്തരിച്ച മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം 5 മണിയോടെ പാലക്കമുകൾ ജുമാമസ്ജിദിൽ കൊണ്ടു വന്ന ശേഷം സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെൻ്ററിൽ പൊതു ദർശനത്തിനു വയ്ക്കും.

രാത്രി 9 മണിയോടെ ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

തുടർന്ന് നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.


Reporter
the authorReporter

Leave a Reply