കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ കല കലഹവുമായി ബന്ധപ്പെട്ടതല്ലെന്നും സമൂഹത്തിൽ പടരുന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാ സമ്മേളനം ജോയിന്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസ്നേഹത്തിന്റെ വക്താക്കളാണ് കലാകാരൻമാർ. പരസ്പരം പോരടിക്കുന്നവർ മനുഷ്യത്വം മറക്കുകയാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയിൽ അവ വീണ്ടെടുക്കാൻ കലാകാരൻമാർ അവരുടെ കഴിവുകൾ ഉപയോഗിച്ച് പ്രതികരിക്കണം. കവി കർഷകനാണ്. അവന്റെ സംഗീതവും താളവുമെല്ലാം കലയുമായി ബന്ധപ്പെട്ടതാണ്. വാളെടുക്കുന്നവൻ അല്ല ധീരൻ. രാജ്യം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നാളുകളിൽ മനുഷ്യരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി ഉയർത്തുകയും അതിനെ ആക്കം കൂട്ടുകയും ചെയ്തത് ഇപ്റ്റയുടെ കലാകാരന്മാരാണ്. അടിസ്ഥാന വർഗ്ഗത്തെ ചേർത്തു പിടിക്കാനുള്ള കടമ ഇപ്റ്റയുടേതാണെന്നും പി കെ ഗോപി വ്യക്തമാക്കി.
ചടങ്ങിൽ ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ മുഖ്യ പ്രഭാഷണം നടത്തി. വി പി രാഘവൻ അധ്യക്ഷത വഹിച്ചു. ബാബു ഒലിപ്രം, പ്രൊഫ. ടി കെ രാമകൃഷ്ണൻ, അനിൽ മാരാത്ത്, അഷ്റഫ് കുരുവട്ടൂർ, ടി രത്നദാസ്, ബൈജു മേരിക്കുന്ന് എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി ടി കെ വിജയരാഘവൻ പതാക ഉയർത്തി. നാടക കലാകാരൻമാരായ ബൽറാം കോട്ടൂർ, അജിതാ നമ്പ്യാർ, സുന്ദരൻ രാമനാട്ടുകര, കൂടിയാട്ടം കലാകാരി കലാമണ്ഡലം കല്ല്യാണി എസ് നാഥ് എന്നിവരെ പി കെ ഗോപി ഉപഹാരം നൽകി ആദരിച്ചു. സി പി സദാനന്ദൻ പ്രവർത്തന റിപ്പർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ടി പി റഷീദ്, എ ജി രാജൻ, രാജൻ ചെറൂപ്പ, കൃഷ്ണദാസ് വല്ലാപ്പുന്നി, കെ ഷീനുരാജ്, ജഗന്നാഥൻ, സി എം കേശവൻ, പി കെ ലക്ഷ്മീദാസ്, ബിജുമോൻ കോടേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുബ്രഹ്മണ്യൻ, മുരളി, രുഗ്മിണി രജീന്ദ്രൻ, വിനോദിനി ജഗന്നാഥൻ എന്നിവർ ഗാനങ്ങൾ അലപിച്ചു. ജില്ലാ ഭാരവാഹികളായി എ ജി രാജൻ (പ്രസിഡന്റ്), ടി പി റഷീദ്, കൃഷ്ണദാസ് വല്ലാപ്പുന്നി, ഡോ. വി എൻ സന്തോഷ് കമാർ (വൈസ് പ്രസിഡന്റുമാർ), സി പി സദാനന്ദൻ (സെക്രട്ടറി), ടി ഷിനോദ്, രാഗേഷ് ഗോപാൽ, കലാമണ്ഡലം കല്ല്യാണി എസ് നാഥ് (ജോ. സെക്രട്ടറിമാർ), ശിവൻ തറയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മുസ്തഫ ഇളയേടത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ടി സുരേഷ് സ്വാഗതവും ടി ഷിനോദ് നന്ദിയും പറഞ്ഞു.