അഡ്വ തങ്കച്ചന്റെ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: പശ്ചിമ ഘട്ട പരിസ്ഥിതി സംബന്ധിച്ചുള്ള ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ ശരിയെന്ന് പുതിയ സാഹചര്യത്തിൽ എല്ലാവർക്കും ബോധ്യപ്പെടുന്നതായി റിട്ട. ജസ്റ്റിസ് കമാൽ പാഷ .അഡ്വ തങ്കച്ചൻ രചിച്ച “ലോക സമാധാനം വികസനം പരിസ്ഥിതി ” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട പരിസ്ഥിതി വിഷയത്തിലും കൃത്യമായി പഠിക്കാതെയാണ് രാഷ്ടീയ പാർട്ടികളും ഭരണകൂടവും നിലപാട് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
പുരോഗതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ സുസ്ഥിര വികസനമാണ് പ്രായോഗികം.
പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇന്നും പ്രസക്തമാണ്.
പരിസ്ഥിതി വിഷയത്തോടുളള മനുഷ്യന്റെ മനോഭാവമാണ് ആവിക്കലിലും കോതിയിലും പ്രകടമായത്. വനം സംരക്ഷണത്തിന്റെ കാര്യത്തിലും സർക്കാറിന് വ്യക്തതയില്ല . ഏറ്റവും വലിയ കയ്യേറ്റം സർക്കാറാണ് ചെയ്യുന്നത് . സമാധാനം പുലരണമെങ്കിൽ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും കാര്യക്ഷമമാക്കണം.
അതാണ് തങ്കച്ചൻ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും കമാൽ പാഷ പറഞ്ഞു.
പ്രശസ്ത കവി പി കെ ഗോപി പുസ്തകം ഏറ്റുവാങ്ങി. ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അഡ്വ. സി ആർ നീലകണ്ഠൻ അധ്യക്ഷത വഹിച്ചു.പുസ്തകം ഭാവി കേരളത്തിന് പ്രത്യാശ നൽകുന്നതാണെന്ന് നീലകണ്ഠൻ അഭിപ്രായപ്പെട്ടു. രചയിതാവ് അഡ്വ. തങ്കച്ചൻ പുരോസ്ഥിര വികസനം സംബന്ധിച്ച് പ്രഭാഷണം നടത്തി. പ്രൊഫ. ടി കെ രാമകൃഷ്ണൻ , അബ്ദുൾകലാം ആസാദ്, മുജീബ് അഹമ്മദ് , സി പി അബ്ദുറഹിമാൻ , എ എൻ മുകുന്ദൻ എന്നിവർ സംസാരിച്ചു.