കോവളം, മൂന്നാർ, തേക്കടി എന്ന് മാത്രം അറിയപ്പെട്ടിരുന്ന സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ഇന്ന് കേരളമാകെ വിനോദസഞ്ചാര മേഖല എന്ന നിലയിലേക്ക് മാറിയതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.
ഡിസംബർ 27 ന് തിരശ്ശീല ഉയരുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ-4 ന്റെ സംഘാടക സമിതി ഓഫീസ് ബേപ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കേ മലബാറിന്റെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ബേപ്പൂർ വാട്ടർ ഫെസ്റ്റ് മാറിക്കഴിഞ്ഞു. മുൻപ് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ മലബാർ ഇല്ലായിരുന്നു. ആ സ്ഥിതി മാറി കേരളം മുഴുവൻ വിനോദസഞ്ചാര മേഖലയായി മാറിയത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമാണ്, മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
കോഴിക്കോട്, വയനാട് ജില്ലകളെ കേന്ദ്രീകരിച്ചു ട്രെക്കിങ്, റോപ് വെ ഉൾപ്പെടെ ചേർത്തുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കണം. സംസ്ഥാനത്ത് 73 കേന്ദ്രങ്ങളിൽ ഇക്കോ-ടൂറിസം പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ വനം മന്ത്രി ചാലിയം നഗരവനം പദ്ധതിക്കായുള്ള 3 കോടി രൂപയുടെ വിശദപദ്ധതി രേഖ തയാറായതായും കൂട്ടിച്ചേർത്തു.
പരിപാടിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. സംസ്ഥാനത്ത് വരുന്ന സഞ്ചാരികളിൽ വളരെ കുറച്ചു പേർ മാത്രമാണ് മലബാർ സന്ദർശിക്കുന്നത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ബേപ്പൂർ ഫെസ്റ്റ് ഉൾപ്പെടെ, കാസർകോട് നിന്ന് തുടങ്ങി മലബാറിലെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ തുടങ്ങിയതെന്ന് മന്ത്രി വിശദീകരിച്ചു. ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന പ്രധാന ലക്ഷ്യം കൂടി ബേപ്പൂർ ഫെസ്റ്റിന് ഉണ്ടായിരുന്നു. അത് മികച്ച രീതിയിൽ സാക്ഷാത്കരിച്ചു. കഴിഞ്ഞ വർഷം കേരളം കണ്ട ഏറ്റവും മികച്ച ജനപങ്കാളിത്തമാണ് ബേപ്പൂർ ഫെസ്റ്റിൽ ഉണ്ടായത്. ഫെസ്റ്റിന്റെ വരവോടെ ചില്ലറ വ്യാപാര മേഖലയിൽ അഭിവൃദ്ധിയുണ്ടായി. ഈ തരത്തിൽ പ്രദേശത്തിന്റെ സാമ്പത്തിക പുരോഗതിയും സാംസ്കാരിക ഉയർച്ചയും മുന്നോട്ടുകൊണ്ടുപോകലാണ് ഫെസ്റ്റിന്റെ ലക്ഷ്യം.
ഇത്തവണ ബേപ്പൂർ ഫെസ്റ്റിനോട് അനുബന്ധിച്ചു ബി ടു ബി മീറ്റ് സംഘടിപ്പിക്കും. മീറ്റിൽ പങ്കെടുക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖർ വാട്ടർ ഫെസ്റ്റും കാണാനെത്തും.