കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും വൻ സുരക്ഷയാണ് പൊലീസൊരുക്കിയത്. പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽമീണ മാലൂർ ക്യാമ്പിലെത്തിച്ചേർന്നിട്ടുണ്ട്. അവിടെവെച്ചാകും ആദ്യം ചോദ്യംചെയ്യുക. അതിന് ശേഷം തെളിവെടുപ്പും നടത്തും.
കരൾ രോഗവും , ശരീരത്തിലേറ്റ മറ്റ് പരിക്കുകളും കാരണം ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച രാവിലെ മെഡിക്കൽ കോളേജിൽ നേരിട്ട് എത്തിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷാറൂഖ് സെയ്ഫിയെ 14 ദിവസം റിമാന്റിൽ വിടുകയായിരുന്നു. പ്രതിയുടെ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമല്ല എന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി . പിന്നീട് ചേർന്ന മെഡിക്കൽ ബോർഡ് ഇയാളെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു . ഇതോടെ വിശദമായ ചോദ്യം ചെയ്യലിനും , തെളിവെടുപ്പിനും ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ പോലീസ് അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു
ഷാറൂഖ് സെയ്ഫിയുടെ കൈയിൽ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഇത് ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ പറ്റിയതാണെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കൺപോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്കാൻ എക്സ്റെ പരിശോധനകളിലും കുഴപ്പമില്ല.