ഇന്ത്യയിലെ ഏറ്റവും ആദരണീയമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഈ ക്ഷേത്രത്തിലെത്തിയ ഒരു കുടുംബം ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. കാരണം വേറൊന്നുമല്ല ക്ഷേത്രത്തിലെത്തിയ ഈ നാലംഗ കുടുംബം അണിഞ്ഞിരുന്നത് 25 കിലോ സ്വർണാഭരണങ്ങൾ ആയിരുന്നു. അതായത് 180 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂനെയിൽ നിന്നുള്ള ഈ കുടുംബം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ഇവർ ക്ഷേത്രദർശനം നടത്തുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും അടങ്ങുന്നതായിരുന്നു ഈ നാലംഗ കുടുംബം. പിടിഎ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇവർ നാലുപേരും ധരിച്ചിരുന്ന മുഴുവൻ ആഭരണങ്ങളും സ്വർണ്ണമായിരുന്നു. പ്രത്യേകമായി ഡിസൈൻ ചെയ്ത ചെയിനുകൾ, വളകൾ, മോതിരങ്ങൾ, സൺഗ്ലാസുകൾ എന്നിവയായിരുന്നു ഇവർ പ്രധാനമായും ധരിച്ചിരുന്നത്.
ഇതിനുപുറമെ സംഘത്തിൽ ഉണ്ടായിരുന്ന യുവതി ധരിച്ചിരുന്നത് സ്വർണ്ണപ്പാളികളാൽ ഡിസൈൻ ചെയ്ത സാരിയുമായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇവർക്ക് സുരക്ഷ ഒരുക്കി പ്രത്യേക സെക്യൂരിറ്റി ഗാർഡുകളും ഒപ്പം നടക്കുന്നതു കാണാം.
എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായ ഇവരുടെ വീഡിയോയ്ക്ക് താഴെ വലിയ വിമർശനമാണ് ഉയരുന്നത്. സ്വന്തം സമ്പത്ത് പ്രദർശിപ്പിക്കാനുള്ള ഇടമല്ല ക്ഷേത്രം എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. ക്ഷേത്രദർശനത്തെക്കാൾ ഫോട്ടോഷൂട്ടിന് വന്നതാണെന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത് എന്നും അഭിപ്രായങ്ങൾ ഉയർന്നു.
ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് നിങ്ങളുടെ അഹം (ego) പുറത്ത് സൂക്ഷിക്കണം എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമൻ്റ്.