കോഴിക്കോട്: മുൻമന്ത്രിയും കോഴിക്കോട് സൗത്ത് എംഎൽഎയും ആയ മുഹമ്മദ് ദേവർകോവിലിന് നിരോധിത ഭീകരവാദ സംഘടനയുമായുള്ള ബന്ധത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സെൽകോർഡിനേറ്റർ വി കെ സജീവൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അഹമ്മദ് ദേവർകോവിലിന്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2022 മുതൽ ഉയർന്നു കേൾക്കുന്ന ആരോപണമാണിത്. ഐഎൻഎല്ലിന്റെ യുവജന വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷൻ തന്നെയാണ് തെളിവ് സഹിതം ഇപ്പോൾ ഇഡിയുടെ സോണൽ ഓഫീസിൽ പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ തകർക്കാൻ തീവ്രവാദ ഫണ്ടിങ് നടത്തുന്ന റിഹാബ് ഫൗണ്ടേഷനുമായി അഹമ്മദ് ദേവർകോവിലിന് നേരിട്ട് ബന്ധമുണ്ടെന്നും കോടികളുടെ ഇടപാടുകൾ നടത്തി എന്നും ആണ് പരാതിയിലുള്ളത്. ഇത്തരമൊരു ആളാണ് രണ്ടര വർഷം മന്ത്രിസഭയിൽ ഇരുന്നത്.മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. രാജ്യമാണ് വലുത് അതുകൊണ്ടുതന്നെ ഭീകരവാദികളുമായിട്ടുള്ള ബന്ധം ഒരു കാരണവശാലും ജനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും വി കെ സജീവൻ മുന്നറിയിപ്പ് നൽകി.
ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ. കെ.പി.പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡണ്ട് പി.രതീഷ് അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് മേഖല സെക്രട്ടറി പ്രശോഭ് കൊട്ടുളി, കൗൺസിലറും ജില്ലാ ഉപാധ്യക്ഷനുമായ ടി.റിനീഷ്, ജില്ലാ ട്രഷറർ ഷിനു പിണ്ണാണത്ത്, ടി പി ദിജിൽ കൗൺസിലർമാരായ കെ പി അനിൽകുമാർ, ഇന്ദിര കൃഷ്ണൻ, ബിന്ദു ഉദയകുമാർ എന്നിവർ സംസാരിച്ചു. നേതാക്കളായ അബ്ദുൽ റസാഖ്, ബാബു മരക്കാട്ട്, വി സുപ്രിയ, ഇ സംഗീത് തുടങ്ങിയവർ നേതൃത്വം നൽകി.












