ഡൽഹി: തലസ്ഥാനത്തെ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.LNJP ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് മരിച്ചത്.അതിനിടെ ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് സ്ഥിരീകരിച്ചു. ഡി എൻഎ ടെസ്റ്റിലാണ് സ്ഥിരീകരിച്ചത്.
ആക്രമണത്തിന്‍റെ സൂത്രധാരൻ ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. അനന്ത്നാഗ് സ്വദേശി ആരിഫിനെ കസ്റ്റഡിയിൽ എടുത്തു.
ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻ ഐ എ. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻ ഐ എക്ക് ലഭിച്ചുവെന്നാണ് സൂചന.ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന ഉമർ മുഹമ്മദും ഫരീദാബാദിലെ സംഘവും കൂടുതൽ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടിരുന്നു എന്നാണ് കണ്ടെത്തൽ.
ഹരിയാന ഉത്തർപ്രദേശ് ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ നിരവധി പേർ നിരീക്ഷണത്തിലാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും എന്നാണ് സൂചന. സ്ഫോടനം നടക്കുന്നതിനു മുൻപ് ഉമർ ഡൽഹിയിൽ ആരെങ്കിലുമായി ആശയവിനിമയം നടത്തിയോ എന്ന് അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയാണ്.
അതിനിടെ സ്ഫോടന സമയത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനം ഉണ്ടാകുന്നതും പിന്നാലെ ജനങ്ങൾ പരിഭ്രാന്തരായ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.










