Friday, May 17, 2024
Latest

സാംസ്ക്കാരിക മേഖലയെ കമ്പോളവത്ക്കരണത്തിൽ നിന്ന് മോചിപ്പിക്കണം: മുല്ലക്കര രത്നാകരൻ


കോഴിക്കോട്:കമ്പോളവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാംസ്ക്കാരിക മേഖലയെ അതിൽ നിന്ന് മോചിപ്പിക്കാൻ ശക്തമായ ഇടപെടലുകളുണ്ടാവണമെന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ. സാങ്കേതികവിദ്യകളുടെ അതിപ്രസരം സമൂഹത്തിന്റെ മൂല്യങ്ങൾ കവർന്നെടുക്കുകയും സാംസ്ക്കാരിക മേഖലയെ അതിവേഗം കമ്പോളവത്ക്കിരിക്കുകയും ചെയ്യുകയാണ്. കേരളീയ രാഷ്ട്രീയ സമൂഹം അധികാരവുമായി ബന്ധപ്പെട്ടാണുള്ളത്. അധികാരവുമായി ചേർന്ന് നിൽക്കുന്നവരും അധികാരത്തിലേക്കെത്താൻ ശ്രമിക്കുന്നവരുമായ വിഭാഗങ്ങളായി അത് നിലകൊള്ളുന്നു. നിസംഗത പുലർത്തുന്ന സമൂഹം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ ഇന്ന് കൂടുതൽ സജീവമാണ്. ഇത്തരമൊരു വിഭാഗമാണ് സാംസ്ക്കാരിക രംഗത്തെ കമ്പോളവത്ക്കരിക്കാൻ നീക്കങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സാംസ്ക്കാരിക ലോകത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ശക്തമാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാടക-പത്രപ്രവർത്തന രംഗത്തെ മഹാപ്രതിഭകളായ തോപ്പിൽ ഭാസി- കാമ്പിശ്ശേരി കരുണാകരൻ എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു മുല്ലക്കര രത്നാകരൻ.
കമ്പോളതാത്പര്യത്തിന് വേണ്ടി കോർപറേറ്റുകളാണ് ജാതിയും മതവും ഉപയോഗപ്പെടുത്തുന്നത്. കമ്പോളത്തെ തങ്ങളുടെ താത്പര്യത്തിലേക്ക് കൊണ്ടുവരാൻ ഭരണകൂടങ്ങളുടെ സഹായത്തോടെ വർഗീയതയെ ഉപയോഗപ്പെടുത്തുമ്പോൾ അതിനെ നേരിടാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമായി സാധിക്കില്ല. സാംസ്കാരിക ലോകത്തിന്റെ ഇടപെടലുകൾ ഇത്തരം ചെറുത്തുനിൽപ്പുകൾക്ക് വലിയ കരുത്ത് പകരും. കമ്പോളവത്ക്കരിക്കപ്പെടാത്ത സാംസ്ക്കാരിക ലോകം സാധ്യമാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിന് സാംസ്ക്കാരികലോകം സംഭാവന ചെയ്ത സമ്പത്താണ് തോപ്പിൽ ഭാസിയും കാമ്പിശ്ശേരി കരുണാകരനും. തങ്ങളുടെ സജീവമായ ജീവിതം നാടിനായി സമർപ്പിച്ചവരാണ് ഇരുവരും. അനാചാരങ്ങളും അയിത്തവും ജന്മിത്വവാഴ്ചയും ശക്തമായ കാലത്ത് വള്ളികുന്നത്തിന്റെ മണ്ണിൽനിന്ന് വിപ്ലവ പതാകയുമേന്തി പോരാട്ടം തുടങ്ങിയവരായിരുന്നു ഇരുവരും. പിന്നീട് നാടകങ്ങളിലൂടെ ഭാസിയും പത്രാധിപരും അഭിനേതാവുമായി കാമ്പിശ്ശേരിയും കേരളീയ സാംസ്ക്കാരിക ലോകത്ത് ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നുവെന്നും മുല്ലക്കര വ്യക്തമാക്കി. ചടങ്ങിൽ ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ അധ്യക്ഷത വഹിച്ചു. ഡോ. ഒ കെ മുരളീകൃഷ്ണൻ, അനിൽ മാരാത്ത്, പി കെ നാസർ, സി പി സദാനന്ദൻ സംസാരിച്ചു. എ ജി രാജൻ സ്വാഗതവും പി ടി സുരേഷ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply