Sunday, December 22, 2024
GeneralLatestPolitics

സിപിഎമ്മിന് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാട്: കെ.സുരേന്ദ്രൻ


കോഴിക്കോട്: സിപിഎമ്മിനും കോടിയേരി ബാലകൃഷ്ണനും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ആർഎസ്എസ് ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നതിനെ കോടിയേരി എതിർക്കുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതക കേസുകളിലെ പ്രതികളെ പൊലീസ് പിടിക്കാത്തതിന് കാരണം സർക്കാരിന്റെ മതപ്രീണനമാണ്. കേരളത്തിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്ന് കഴിഞ്ഞു. പാർട്ടി സമ്മേളനങ്ങളിലെല്ലാം പൊലീസിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഇത് മറച്ച് പിടിക്കാനാണ് കോടിയേരി ആർഎസ്എസിനെ വിമർശിക്കുന്നത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പ്രകടനം നടത്താൻ പാടില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ഇത് പാക്കിസ്ഥാനൊന്നുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിക്കെതിരായ ബദൽ ഉണ്ടാക്കുന്നതിലെ സിപിഎം-സിപിഐ തർക്കം നിരാശകാമുകൻമാരുടെ വിലാപം മാത്രമാണ്. കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചാലും മോദിയെ തോൽപ്പിക്കാനാവില്ല. കെ-റെയിലിനെതിരായ സമരം ബിജെപി ശക്തിപ്പെടുത്തും. നാല് ലക്ഷം രൂപ അധികം നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലര ലക്ഷം രൂപയ്ക്ക് ഒരു മന്ത്രി ശൗചാലയം നിർമ്മിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാല് ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്. കെ-റെയിൽ വിരുദ്ധ സമരക്കാരെ മുഴുവൻ യോജിപ്പിച്ച് ബിജെപി പ്രക്ഷോഭം നടത്തും. ഇ.ശ്രീധരൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ ബദൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. കേരളത്തെ വെട്ടിമുറിച്ച് പരിസ്ഥിതിയെ തകർക്കുന്ന നടപടി അനുവദിക്കില്ല. എം.ശിവശങ്കരൻ സർവ്വീസിൽ തിരിച്ചെത്തുന്നതോടെ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായിരിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
കേസ് കോടതിയിൽ നടക്കുമ്പോൾ ശിവശങ്കരനെ തിരിച്ചെടുക്കുന്നത് ശരിയല്ല. അന്വേഷിച്ച ഏജൻസികളെല്ലാം ശിവശങ്കരന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് പറയുന്നത്. എന്നിട്ടും അദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേസിൽ അദ്ദേഹത്തിന്റെ താത്പര്യം വ്യക്തമാക്കുന്നു. മുസ്ലിംങ്ങൾ മറ്റുമതക്കാരെ വിവാഹം ചെയ്യരുതെന്ന പിഎംഎ സലാമിന്റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി മുസ്ലിം ലീഗിന് ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നു. ഇടതുപക്ഷത്തായാലും വലത് പക്ഷത്തായാലും മുസ്ലിം മതമൗലികവാദികൾക്ക് ഒരേ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Reporter
the authorReporter

Leave a Reply