കോഴിക്കോട്: സിപിഎം സംഘടിത മതന്യൂനപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ പൂര്‍ണ്ണമായി കീഴടങ്ങിക്കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രദ്രോഹശക്തികള്‍ക്കും ഭീകരവാദികള്‍ക്കും മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണ് പിണറായി വിജയന്റെ സര്‍ക്കാര്‍. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഭരണപക്ഷത്ത് ഉള്ളവര്‍ക്കു പോലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷിസ്മാരകത്തിന് പച്ചച്ചായമടിച്ചത് യാദൃച്ഛികമല്ല. കമ്മ്യൂണിസ്റ്റ് മനസ്സിന്റെ മാറ്റമാണ് അത് പ്രകടമാക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിലെ ഭീകരവാദികളെ ആകര്‍ഷിക്കാന്‍ സിപിഎം എടുത്ത തീരുമാനത്തിന്റെ പ്രതിഫലനമാണത്. അദ്ദേഹം പറഞ്ഞു.
ഒരു പോലീസ് സ്റ്റേഷന്‍ അക്രമികള്‍ക്ക് പൂര്‍ണ്ണമായി തകര്‍ക്കാന്‍ കഴിഞ്ഞത് ചരിത്രത്തില്‍ ആദ്യമാണ്. പോലീസ് സേനയെ നിഷ്‌ക്രിയമാക്കുകയാണ് പിണറായി സര്‍ക്കാര്‍. സ്വയം തോറ്റുകൊടുക്കുന്ന സര്‍ക്കാറാണിത്. സായുധരായ അക്രമികള്‍ക്ക് മുമ്പില്‍ അടിയറവു പറഞ്ഞ ആദ്യ സര്‍ക്കാറെന്ന ഖ്യാതി കൂടിപിണറായി സര്‍ക്കാറിന് ലഭിച്ചിരിക്കുന്നു.
എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനാകാതെ ഒന്നൊന്നായി പിന്‍വലിച്ചുകൊണ്ടിരിക്കുന്ന പരാജയപ്പെട്ട സര്‍ക്കാരാണിത്. ബംഗാളിലും ത്രിപുരയിലും ഉണ്ടായ തകര്‍ച്ച കേരളത്തിലും സിപിഎമ്മിന് ഏറെ കഴിയാതെയുണ്ടാകും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ ഒന്നിന് ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനം ആചരിക്കുമ്പോള്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തുറന്ന് കാണിക്കുന്നതിനോടൊപ്പം യുവമോര്‍ച്ച ഉയര്‍ത്തിപ്പിടിച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയം മാതൃകാപരമായി പിന്‍തുടര്‍ന്ന ജയകൃഷ്ണന്‍ മാസ്റ്ററുടെ രാഷ്ട്രീയ പാരമ്പര്യവും യുവമോര്‍ച്ച ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ജുബിന്‍ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി.ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ഉപാധ്യക്ഷന്‍ വി.വി.രാജന്‍, ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍, ഭാരവാഹികളായ എം. മോഹനന്‍, ഇ. പ്രശാന്ത്കുമാര്‍, സി.പി. സതീശ്, യുവമോര്‍ച്ച ഭാരവാഹികളായ ഹരിപ്രസാദ് രാജ, മിഥുന്‍ മോഹന്‍,വിസ്മയ പിലാശേരി,അതുല്‍ പെരുവട്ടൂര്‍,കെ.വി.യദുരാജ്,വിഷ്ണു പയ്യാനക്കല്‍,ശ്യാ പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.