Tuesday, May 14, 2024
Politics

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച; ഇ.പി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയാകും


ലോകസഭാ വോട്ടെടുപ്പിന് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സി.പി.എമ്മിനെ വെട്ടിലാക്കിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബി.ജെ.പിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ – ഇ.പി ജയരാജൻ കൂടിക്കാഴ്ചയും പിന്നാലെ ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നതും യോഗത്തിൽ പ്രധാന ചർച്ചയാകും.

വോട്ടെടുപ്പ് ദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും ബി.ജെ.പി – സി.പി.എം ധാരണയുണ്ടെന്ന സംശയങ്ങളുടെ നിലയിലേക്ക് വരെ എത്തിച്ച നടപടിയാണ് പുറത്തുവന്നത്. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പ് ദിവസം ഇത് സംബന്ധിച്ച് നടത്തിയ പരസ്യ പ്രസ്തവനയും പാർട്ടിക്ക് ഏറെ ക്ഷീണമായി. സി.പി.എമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നതായാണ് വിവരം.

ഇ.പി ജയരാജന്റെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ഇപി ജയരാജനെ തള്ളി പരസ്യമായി രംഗത്ത് വന്നിരുന്നു. ഇ പി ജയരാജന് വീഴ്ചയുണ്ടായി. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. ഇന്നാരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് നടക്കുന്നവരുമായി സൗഹൃദം ഉപേക്ഷിക്കേണ്ടതാണ്. ജയരാജൻ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തെ തന്നെയുള്ള അനുഭവമാണെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ.പി ജയരാജൻ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എന്നാൽ അന്നൊന്നും ഉണ്ടാകാതിരുന്ന തരത്തിലുള്ള പരസ്യമായ തള്ളിപറച്ചിലാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്. വോട്ടെടുപ്പ് ദിവസത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയതിലുള്ള നീരസം മുഴുവൻ പിണറായി വിജയൻ പ്രകടമാക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റുമോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും. നേരത്തേ സാന്‍റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, ദേശാഭിമാനി ഭൂമി ഇടപാട്, മന്ത്രിയായിരിക്കെയുള്ള ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ നേരത്തെ പാർട്ടി ഇ.പി ജയരാജനെതിരെ നടപടിയെടുത്തിരുന്നു.


Reporter
the authorReporter

Leave a Reply