തിരുവനന്തപുരം:നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറൽ സെക്രട്ടറി എം.എ ബേബിയാണ് നിർദേശം മുന്നോട്ടു വെച്ചത്. നിർദ്ദേശം തള്ളിക്കളയാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കി.സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. സമവായ നീക്കം വരികയാണെങ്കിൽ തന്നെ പദ്ധതിയുടെ ധാരണാ പത്രം മരവിപ്പിക്കണമെന്ന് സിപിഐ വ്യക്തമാക്കി. ധരാണപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണം. ആ കത്ത് പ്രസിദ്ധപ്പെടുത്തണമെന്നാണ് സിപിഐയുടെ നിലപാട്.
 













