Local News

അമേരിക്ക – ഇസ്രയേൽ യുദ്ധവെറിക്കെതിരെ സിപിഐ സ്നേഹജ്വാല

Nano News

കോഴിക്കോട്: പശ്ചിമേഷ്യയെയും ലോകത്തെയും യുദ്ധഭീതിയിലേക്കും ദുരന്തങ്ങളിലേക്കും നയിക്കുന്ന അമേരിക്ക- ഇസ്രയേൽ യുദ്ധവെറിക്കെതിരെ സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ സ്നേഹജ്വാല തെളിച്ചു. സാമ്രാജ്യത്വ ശക്തികളുടെ യുദ്ധവെറിക്കെതിരെയും ഇവർക്ക് കൂട്ടുപിടിക്കുന്ന കേന്ദ്ര സർക്കാറിനെതിരെയും പ്രതിഷേധമുയർന്നു. ഇറാനെതിരെ സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ എസ് കെ പൊറ്റക്കാട് സ്ക്വയറിൽ നടന്ന പരിപാടി സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 90 ലക്ഷത്തോളം വരുന്ന പ്രവാസികളെയാണ് യുദ്ധം ദോഷകരമായി ബാധിച്ചിട്ടുള്ളത്. ഇതിൽത്തന്നെ 30 ശതമാനത്തോളം മലയാളികളാണ്. യുദ്ധം ഗൾഫ് മേഖലയിലാകെ വ്യാപിക്കുന്നത് അത്യന്തം ഉത്കണ്ഠയുളവാക്കുന്നതാണ്. അമേരിക്കയുടെ ഈ കടന്നുകയറ്റത്തിനെതിരെ ലോകമെങ്ങും ശക്തമായ ചെറുത്തുനില്പാണ് ഉയർന്നു വരുന്നത്. അമേരിക്കയിൽ പോലും ജനങ്ങൾ ട്രംപ് ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുകയാണ്. അമേരിക്കയേയും ഇസ്രായേലിനേയും തള്ളിപ്പറയാൻ നരേന്ദ്ര മോഡി തയ്യാറാവാത്തത് അത്യന്തം അപലപനീയമാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും യുദ്ധം നടത്തുന്നത്. സ്വതന്ത്ര പരമാധികാര രാജ്യങ്ങൾക്കെതിരായി സാമ്രാജ്വത്വശക്തികൾ നടത്തുന്ന അധിനിവേശ യുദ്ധങ്ങളെ പ്രതിരോധിക്കാൻ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറിമാരായ ആർ ശശി, പി കെ നാസർ, ജില്ലാ എക്സി. അംഗങ്ങളായ ചൂലൂർ നാരായണൻ, റീന മുണ്ടേങ്ങാട്ട്, സിപിഐ നേതാക്കളായ എം കെ പ്രജോഷ്, പി അസീസ് ബാബു എന്നിവർ സംസാരിച്ചു. പി വി മാധവൻ, കെ കെ പ്രദീപ് കുമാർ, മുരളി മുണ്ടേങ്ങാട്ട്, കെ സുജിത്ത്, പി പ്രേംകുമാർ, ഒ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

. . .


Reporter
the authorReporter

Leave a Reply