നാദാപുരം: ലോകത്തിന് മാതൃകയായ കേരളത്തിന്റെ വികസന തുടർച്ചയ്ക്ക്, ദുരന്ത മുഖങ്ങളിൽ പകച്ച് പോയ ജനതയെ കരുതലോടെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിനായി കേരള ജനത ഒന്നാകെ സജ്ജമാവുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതു പക്ഷ മുന്നേറ്റം ആശങ്കപ്പെടുത്തുന്നത് കോൺഗ്രസിനെയും ബിജെപിയെയുമാണ്. അതുകൊണ്ടാണ് നുണ പ്രചരണങ്ങളുമായി അവർ രംഗത്ത് വരുന്നത്. എന്നാൽ ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ട്. ജനങ്ങളോട് ഇടതുപക്ഷം പ്രതിബദ്ധത പുലർത്തി, പറഞ്ഞ വാക്കുകൾ പാലിച്ചു. എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനവും ക്ഷേമവും എത്തിക്കാൻ ഇടതുപക്ഷ ഭരണത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ നാദാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം
ടി കെ രാജൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന എക്സി: അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.














