കൊച്ചി: ഗ്യാലറിയിയിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്ക് പറ്റിയ സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്ക് കോർപ്പറേഷന്റെ നോട്ടീസ്. മൃദംഗ വിഷൻ എന്ന സംഘടനയ്ക്കാണ് നോട്ടീസ് അയച്ചത്. അനുമതിയില്ലാതെ സ്റ്റേജ് നിർമ്മിച്ചതിന്റെ കാരണവും പരിപാടിയുടെ ടിക്കറ്റ് വിവരങ്ങൾ ഹാജരാക്കാനും ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് അയച്ചത്. പരിപാടിക്ക് കോർപ്പറേഷന്റെ പിപിആർ ലൈസൻസ് നിർബന്ധമാണ്, എന്നാൽ പിപിആർ ലൈസൻസ് എടുക്കാതെ ഗ്യാലറിയിൽ സ്റ്റേജ് നിർമ്മിച്ചുകൊണ്ട് പരിപാടി നടത്തിയതിന്റെ കാരണം വിശദീകരിക്കാൻ പറഞ്ഞുകൊണ്ടാണ് റവന്യു വിഭാഗം നോട്ടീസ് അയച്ചിരിക്കുന്നത്.
രണ്ടാമത്തെ നോട്ടീസിൽ പറയുന്നത് പരിപാടിയുടെ ടിക്കറ്റ് നിരക്കിനെ കുറിച്ചാണ്. പരിപാടി കാണാൻ എത്തിയവർ വാങ്ങിയ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ടിക്കറ്റുകളിലൂടെ ലഭിച്ച പണം എന്നീ വിവരങ്ങൾ ഹാജരാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും നോട്ടീസിൽ ഉണ്ട്.
ഞായറാഴ്ചയായിരുന്നു 10 അടിയോളം ഉയരം വരുന്ന കലൂർ സ്റ്റേഡിയത്തിലെ വിഐപി പവലിയനിൽ നിന്നും ഉമ തോമസ് വീണ പരിക്കുപറ്റിയത്. സ്റ്റേഡിയത്തിൽ കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല . റിബൺ കെട്ടിയായിരുന്നു സ്റ്റേജിൽ ബാരിക്കേഡ് സ്ഥാപിച്ചത്. ഗ്യാലറിയിലെ കസേരകൾ മാറ്റിസ്ഥാപിച്ചായിരുന്നു സ്റ്റേജ് നിർമ്മിച്ചിരുന്നത്.