കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിന്റെ ഉപഭോക്തൃ സൗഹൃദ ക്യാമ്പയിനു തുടക്കമായി. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഈസ്റ്റ്ഹില്‍ ത്രിവേണി അങ്കണത്തില്‍ കണ്‍സ്യൂമര്‍ഫെസ് ചെയര്‍മാന്‍ എം. മെഹബൂബ് നിര്‍വ്വഹിച്ചു. കോഴിക്കോട് റീജ്യണല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഉപഭോക്താക്കളുടെ വീടുകള്‍സന്ദര്‍ശിച്ചു.
മലപ്പുറം ജില്ലയിലെ ക്യാമ്പയിന്റെ ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് എം.ഡി. എം.സലിം നിര്‍വഹിച്ചു.
ഫെബ്രുവരി 19 മുതല്‍ ഒരാഴ്ച്ചക്കാലം കണ്‍സ്യൂമര്‍ഫെഡ് ഭരണ സമിതിയംഗങ്ങളും 2500-ഓളം വരുന്ന ജീവനക്കാരും സംസ്ഥാന വ്യാപകമായി ഉപഭോക്താക്കളുടെ വീടുകള്‍ സന്ദര്‍ശിക്കും. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ട് കണ്‍സ്യൂമര്‍ഫെഡ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. ‘ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം ഉപഭോക്താവാണ് രാജാവ്’എന്ന സന്ദേശം ഉയര്‍ത്തിയാണ് ക്യാമ്പയിന്‍ നടത്തുന്നത്.
ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ത്രിവേണി നോട്ട്ബുക്കുകള്‍, സ്‌ക്കൂള്‍മാര്‍ക്കറ്റുകള്‍, ഇ-ത്രിവേണി ബിസിനസ് സെന്ററുകള്‍ ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി കോളേജ്, നീതി ഗ്യാസ് തുടങ്ങി വ്യത്യസ്തത മേഖലകളിലായുള്ള കണ്‍സ്യൂമര്‍ഫെഡ് പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ക്യാമ്പയിനിലൂടെ പരിചയപ്പെടുത്തും.ഒരാഴ്ചക്കാലം കൊണ്ട് ഒന്നര ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് അരലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ സ്ഥിരം ഉപഭോക്താക്കളാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.