GeneralLatestPolitics

ഭരണഘടനാവകാശങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടരുത്: എസ് വൈ എസ്


പെരുമ്പിലാവ്: മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ വീണു പോകരുതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം.എൻ സ്വാദിഖ് സഖാഫി പെരിന്താറ്റിരി ആവശ്യപ്പെട്ടു. പെരുമ്പിലാവ് നസീക്കോ പാലസിൽ നടന്ന യൂത്ത് കൗൺസിലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ കാലങ്ങളായി നേരിടുന്ന അരക്ഷിതാവസ്ഥക്കും വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കും അടിയന്തര പരിഹാരം കാണുകയാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ചില പ്രത്യേക മതവിഭാഗത്തിലെ വ്യക്തികൾക്ക് മാത്രം നിഷേധിക്കപ്പെടുന്ന സാഹചര്യം ജനാധിപത്യത്തിന് വലിയ കോട്ടം വരുത്തുമെന്നും ഭരണകൂടവും ജുഡീഷ്യറിയും ഇതിൻ്റെ ഭവിഷ്യത്ത് മുൻകൂട്ടി തിരിച്ചറിയണമെന്നും കൗൺസിലിൽ അദ്ദേഹം കൂട്ടിചേര്‍ത്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന:സെക്രട്ടറി അഡ്വ. പി.യു അലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. എന്‍.വി അബ്ദുൽ റസാഖ് അസ്ഹരി അധ്യക്ഷനായിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ അബ്ദുല്ല അൻവരി ചെറുതുരുത്തി പ്രാർത്ഥന നിർവ്വഹിച്ചു. നമ്മുടെ ആദർശവും വ്യക്തിജീവിതവും ഒത്തുപോകുന്ന വിധം എന്ന സെഷന് സമസ്ത ജനറൽ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന നേതൃത്വം നൽകി. പികെ ബാവ ദാരിമി, നൗഷാദ് മൂന്നുപീടിക, സയ്യിദ് തഖ്‌യുദ്ധീൻ തങ്ങൾ ആന്ത്രോത്ത്, ഹുസൈൻ ഫാളിലി കൊടുങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു. ഷമീർ എറിയാട് സ്വാഗതവും പി.എ അബ്ദുൽ വഹാബ് സഅദി നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പരിശീലനം നേടിയ ആയിരത്തോളം പ്രവര്‍ത്തകര്‍ പെരുമ്പിലാവില്‍ നടന്ന ജില്ലാ ടീം ഒലീവ് റാലിയില്‍ അണിനിരന്നു.

കെ.എ മാഹീന്‍ സുഹരി, കെ.എസ് മൊയ്തീൻ കുട്ടി സഖാഫി, ശരീഫ് പാലപ്പിള്ളി,ബഷീർ അശ്റഫി ചേര്‍പ്പ്,ശരീഫ് കൊച്ചന്നൂർ, അബ്ദുൽ അസീസ് നിസാമി വരവൂര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 


Reporter
the authorReporter

Leave a Reply