കോഴിക്കോട്:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദീർഘകാല പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കരുതെന്ന് മന്ത്രി പറഞ്ഞു.
മതസൗഹാർദത്തിൻ്റെയും ആതിഥ്യത്തിൻ്റെയും മണ്ണാണ് ഇത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊളോണിയൽ ശക്തികൾക്ക് കഴിഞ്ഞതിനാലാണ് സ്വാതന്ത്ര്യം കിട്ടാൻ താമസിച്ചത്. അതുകൊണ്ട് തന്നെ മതനിരപേക്ഷത പ്രധാനമാണ് എന്ന കാര്യം നമ്മൾ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ടാഗോർ സെന്റിനറി ഹാളിൽ നടന്ന പരിപാടിയിൽ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഓൺലൈനിൽ സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തെ സംബന്ധിച്ച് രാജേന്ദ്രൻ എടത്തുംകര പ്രത്യേക പ്രഭാഷണം നടത്തി.
ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി സ്വാഗതം പറഞ്ഞു. എ.ഡി.എം സി. മുഹമ്മദ് റഫീഖ്, പബ്ലിക് റിലേഷൻസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. അയ്യപ്പൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ, വനിതാ ശിശു വികസന ഓഫീസർ യു.അബ്ദുൾ ബാരി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ നന്ദി പറഞ്ഞു.