Saturday, December 21, 2024
General

അടിയന്തരാവസ്ഥയുടെ പാപത്തിൽ നിന്നും കോൺഗ്രസിന് മോചനമില്ല; മോദി


ദില്ലി: ഭരണഘടനയിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണകാലത്ത് ജനാധിപത്യത്തിനേറ്റ കറുത്ത പാടാണ് അടിയന്തരാവസ്ഥയെന്നും ആ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ലെന്നും മോദി വിമ‍ര്‍ശിച്ചു.

സ്വന്തം നേട്ടത്തിനായി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. നെഹ്രുവിൻ്റെ നീക്കങ്ങളെ അന്നത്തെ രാഷ്ട്രപതിക്ക് എതിർക്കേണ്ടി വന്നു. അങ്ങനെ പല കാലങ്ങളിലായി ആ കൃത്യം ആവർത്തിച്ചു പോന്നു. ആദ്യം പാപം നെഹ്റു ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടർന്നു. 1971 ൽ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. കോടതികളുടെ അധികാരം ഇന്ദിര കവർന്നു. സ്വന്തം കസേര സംരക്ഷിക്കാൻ 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്.

അടിയന്തരാവസ്ഥയിൽ ആയിരങ്ങൾ ജയിലിലടക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം കവർന്നു. അയോഗ്യയാക്കിയ ജഡ്ജിയെ ഇന്ദിര വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥയുടെ ദുരിതം അനുഭവിച്ച പല കക്ഷികളും ഈ സഭയിലുണ്ട്. ഷാബാനു കേസിൽ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. വോട്ട് ബാങ്കിനായി ഷാബാനുവിന് നീതി നിഷേധിച്ചു. വിധ്വംസക ശക്തികളുമായി രാജീവ് ഗാന്ധി ചേർന്നു. 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്.

ഭരണഘടനയിന്മേൽ ലോക്സഭയിൽ നടന്ന ച‍ര്‍ച്ച അഭിമാനകരമാണ്. ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഈ 75 വർഷം അസാധാരണമായിരുന്നു. ഭരണഘടനാ ശിൽപ്പികളെ സ്മരിച്ച പ്രധാനമന്ത്രി, വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിര്‍മ്മാണത്തിന് സ്ത്രീകൾ പ്രധാന പങ്കുവഹിച്ചുവെന്നും ഓ‍ര്‍മ്മിപ്പിച്ചു.

ഇന്ത്യൻ ജനാധിപത്യം മറ്റുളള രാജ്യങ്ങൾക്ക് മാതൃകയാണ്. 75 വ‍ര്‍ഷത്തെ യാത്ര ചെറുതല്ല. തുടക്കം മുതൽ വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യമാണിത്. ജി 20 ഉച്ചകോടിയിൽ പോലും വനിതാ ശാക്തീകരണം പ്രധാന ചർച്ചയായി. ഈ പശ്ചാത്തലമാണ് വനിതാ സംവരണ ബിൽ കൊണ്ടുവരാൻ പ്രേരണയായത്. ലോക് സഭയിൽ വനിതാ പ്രാതിനിധ്യം കൂടി. നാരി ശക്തിയാണ് ഭരണഘടനയുടെ ശക്തി. ഏകത്വമാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് ശേഷം ചില വൈകൃത മനസുകൾ ഭാരതത്തിന്റെ ഏകത തകർത്തു. നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ മുദ്രാവാക്യത്തെ തളർത്തി. അടിമ മനോഭാവം ഏകത്വത്തെ തളർത്തി. ഭരണഘടന അനുച്ഛേദം 370 രാജ്യത്തിന്റെ ഐക്യത്തിന് തടസമായിരുന്നു. ഐക്യത്തിനായാണ് ഒരു രാജ്യം ഒരു നികുതി കൊണ്ടുവന്നത്.

ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടന്നത്. ഡിജിറ്റൽ ഇന്ത്യ വിജയത്തിൻ്റെ കഥയാണ്. മാതൃഭാഷ പ്രോത്സാഹിപ്പിക്കാൻ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു. മാതൃഭാഷയിൽ പഠിച്ച് ഡോക്ടറും, എഞ്ചിനിയുമാകാം. ക്ലാസിക്കൽ ഭാഷകളെ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിച്ചു. ഇതിനൊക്കെ ശക്തി തരുന്നത് ഭരണഘടനയാണ്. അടിയന്തരാവസ്ഥ പരാമർശിച്ച മോദി, ജനാധിപത്യത്തിലെ കറുത്ത അധ്യായമായിരുന്നുവെന്നും തുറന്നടിച്ചു. കോൺഗ്രസ് ഭരണകാലത്തെ കറുത്ത പാടാണ് അടിയന്തരാവസ്ഥ. ആ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ല. ഭരണഘടനയുടെ ശക്തി കൊണ്ടാണ് തനിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞതെന്നും മോദി ഓ‍‍ര്‍മ്മിച്ചു.

ഭരണഘടനയെ ഞങ്ങൾ ആരാധിക്കുന്നു, കോൺഗ്രസ് കൊല്ലുന്നു. ചിലർ അസ്വസ്ഥത പ്രകടിപ്പിക്കാൻ ഭരണഘടനയെ ഉപയോഗിക്കുന്നു. കോൺഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു.ഭരണഘടന ദിനം ആചരിക്കാൻ തീരുമാനിച്ചപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചവരുണ്ട്.


Reporter
the authorReporter

Leave a Reply