LatestPolitics

കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചതിക്കുഴികളെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ കരുതിയിരിക്കണം;സിപിഐ ദേശീയ സെക്രട്ടറി അമർജിത്ത് കൗർ.

Nano News

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനും സാമ്പത്തിക നയങ്ങൾക്കുമെതിരെ കമ്യൂണിസ്റ്റുകാർ പോരാട്ടം നടത്തുന്നത് ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കൊണ്ടാണെന്ന് സിപിഐ ദേശീയ സെക്രട്ടറി അമർജിത്ത് കൗർ. കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചതിക്കുഴികളെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ കരുതിയിരിക്കണം. അദാനിയ്ക്കും അംബാനിക്കും കുത്തക മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടമെല്ലാം ചരിത്രത്തിൽ നിന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണെന്നും അവർ പറഞ്ഞു. സിപിഐ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ശതാബ്ദി സംഗമം’ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സിപിഐ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ തന്നെയാണ് ആർഎസ്എസും നൂറാം വാർഷികം ആഘോഷിക്കുന്നത്. ഒരേ വർഷമാണ് ഇരു സംഘടനകളും സ്ഥാപിക്കപ്പെട്ടതെങ്കിലും ഇരുവരുടെയും നൂറ് വർഷത്തെ പാതകൾ വേറിട്ടതാണ്. സാമ്രാജ്യത്വ ചൂഷണത്തിനെതിരായ തൊഴിലാളികളുടെയും കർഷകരുടെയുമെല്ലാം പോരാട്ടങ്ങളിലൂടെയാണ് സിപിഐ വളർന്നത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ നിരവധി കമ്യൂണിസ്റ്റുകാർ രക്തസാക്ഷിത്വം വഹിച്ചു. പലരും ജയിൽ വാസം അനുഷ്ഠിച്ചു. 1925 ൽ കാൺപൂർ സമ്മേളനം നടക്കുമ്പോഴും പല നേതാക്കളും ജയിലിലായിരുന്നു. എന്നാൽ ഇത്തരമൊരു ചരിത്രം ആർഎസ്എസിനില്ല. എന്താണ് ആർഎസ്എസ് രാജ്യത്തിന് വേണ്ടി ചെയ്തത്. ഹെഡ്ഗേവാറും ഗോൾവാൾക്കറുമൊന്നും ഒരിക്കലും ബ്രിട്ടീഷുകാർക്കെതിരെ ശബ്ദിച്ചിട്ടില്ല. പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാർ ചിന്തിക്കുമ്പോൾ ആർഎസ്എസ് ഫാസിസത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
മാർക്സിസിവും ലെനിനിസവും സോഷ്യലിസുമാണ് നമ്മുടെ വഴിയെന്ന് കമ്യൂണിസ്റ്റുകാർ പറയുമ്പോൾ ആർഎസ്എസിന്റെ ഇസം ഫാസിസം മാത്രമാണ്. അവരുടെ ശത്രുക്കൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകാരുമാണെന്ന് കാലങ്ങൾക്ക് മുമ്പേ ഗുരുജി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മോഡിയും പറയുന്നു കമ്യൂണിസ്റ്റുകാരാണ് തങ്ങളുടെ ശത്രുക്കളെന്ന്. പുതിയ ലോകക്രമം രാജ്യത്ത് നടപ്പിലാക്കാനാണ് കമ്യൂണിസ്റ്റുകാർ പോരാടുന്നത്. എന്നാൽ ജർമനിയിലെയും ഇറ്റലിയിലെയും ഫാസിസ്റ്റുകളെ അനുകരിച്ച് രൂപീകരിക്കപ്പെട്ട ആർഎസ്എസ് സ്വദേശിയെപ്പറ്റി പറഞ്ഞ് ആളുകളെ വഞ്ചിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നതെല്ലാം അനുസരിക്കുന്ന നിലപാടാണ് മോഡിയുടേത്. ബിജെപി ആർഎസ്എസിന്റെ കുട്ടിയാണ്. ഹിറ്റ്ലറുടെ നയങ്ങൾ നടപ്പിലാക്കുന്നവരാണ് കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ കൂടുതൽ കരുതിയിരിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ശതാബ്ദി സംഗമത്തിൽ സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സി. അംഗങ്ങളായ അഡ്വ. വി എസ് സുനിൽകുമാർ, അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി കെ രാജൻ മാസ്റ്റർ, കെ കെ ബാലൻമാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലയിലെ ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു. പി അസീസ് ബാബു നന്ദി പറഞ്ഞു.ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെല്‍ അവീവ് പാര്‍ട്ടി സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം, പിതാവ് യെദാം ഇലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Reporter
the authorReporter

Leave a Reply