കൊണ്ടോട്ടി: നിറയെ സ്വപ്നങ്ങളുമായി ചുണ്ടിൽ ചെറുപുഞ്ചിരിയോടെ ഉറ്റവരുടെ കയ്യും പിടിച്ച് അവരെത്തി. വിവാഹപ്രായമേറെ കഴിഞ്ഞിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന നിരവധി വ്യത്യസ്തരായ മനുഷ്യരാണ് തങ്ങളുടെ സ്വപ്നങ്ങൾക്ക് കൂട്ടാവാനായി പങ്കാളികളെ കണ്ടെത്താൻ പുളിക്കൽ എബിലിറ്റി ക്യാംപസിലെത്തിയത്. ”പൊരുത്തം 2022” വിവാഹ സംഗമം അവരിൽ പലരുടെയും ജീവിത സ്വപ്നങ്ങൾക്ക് നിറച്ചാർത്തായി. സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡും വിവാഹാന്വേഷണ വെബ്സൈറ്റായ വേറ്റുനികാഹ്.കോമും ചേർന്നാണ് ഭിന്നശേഷിക്കർക്കായുള്ള വിവാഹസംഗമം സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി അവിവാഹിതരായ ഭിനശേഷിക്കാർക്കും അവരെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവരുമായി ആയിരത്തോളം പേർ സംഗമത്തിനെത്തി. അവരുടെ സഹായികളായി മൂവായിരത്തോളം പേർ വേറെയും. അവരെ സഹായിക്കാനായി വനിതകളടക്കം നാനൂറിലധികം വളണ്ടിയേഴ്‌സും ഉണ്ടായിരുന്നു. രജിസ്ട്രഷൻ സൗജന്യമായിരുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ വരുന്നവർക്ക് പുളിക്കൽ അങ്ങാടിയിൽ നിന്ന് എബിലിറ്റി ക്യാമ്പസ് വരെ വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്നു. നേരത്തെ കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ നടന്ന സംഗമം വഴി നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ വിവാഹ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കപ്പെട്ടിരുന്നു .