Thursday, September 19, 2024
Latest

കോർപ്പറേറ്റ് വൽക്കരണത്തെ ചെറുക്കുന്ന സി.ഒ.എ നയം മാതൃകാപരം: ടി.പി.രാമകൃഷ്ണൻ


കോഴിക്കോട്: കോർപ്പറേറ്റ് വത്കരണത്തെ ചെറുക്കുന്ന സി.ഒ.എയുടെ നയം മാതൃകാപരമാണെന്ന് മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ എം.എൽ.എ. കോർപ്പറേറ്റ്വൽക്കരണത്തിനെതിരായ പോരാട്ടം എളുപ്പമല്ല. എന്നാൽ ഇത്തരം സമരങ്ങൾ വിജയിച്ച അനുഭവം കൈമുതലാക്കി സി.ഒ.എ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. സി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ കോർപ്പറേറ്റ്വൽക്കരണം ചെറുക്കാൻ സി.ഒ.എക്ക് കഴിയണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ തൊഴിലാളി എന്ന പദം പോലുമില്ല. കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കേബിൾ ടിവി മേഖല സംരക്ഷിക്കപ്പെടണമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

പ്രതിനിധി സമ്മേളന നഗരിയായ കോഴിക്കോട് തളി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാൾ പരിസരത്ത് സി.ഒ.എ സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദീഖ് പതാക ഉയർത്തിയതോടെയാണ് നടപടിക്രമങ്ങൾ തുടങ്ങിയത്. സമ്മേളനത്തിൽ സി.ഒ.എ സംസ്ഥാന പ്രസിഡൻ്റ് അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ബ്രോഡ് കാസ്റ്റിംഗ് രംഗത്ത് ലോക ഭീമനെ പോലും വിഴുങ്ങുന്ന കുത്തകയായ റിലയൻസിനെ ചെറുത്താണ് സി ഒ എ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുത്തകൾക്ക് വേണ്ടി പണിയെടുക്കുന്ന ചില ഉദ്യോഗസ്ഥർ കെഎസ്ഇബി പോസ്റ്റുകളുടെ പേരിൽ നിരന്തരം കേബിൾ ടിവി ഓപ്പറേറ്റർമാരെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രവീൺ മോഹൻ, എക്സിക്യൂട്ടീവ് അംഗം ബിനു ശിവദാസൻ എന്നിവരും പ്രസീഡിയം നിയന്ത്രിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ, സാമ്പത്തിക റിപ്പോർട്ട് സംസ്ഥാന ട്രഷറർ. പി.എസ്.സിബി എന്നിവർ അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. എസ്. ജ്യോതികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നിസാർ കോയപറമ്പിൽ, പി.ബി.സുരേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. വിജയകൃഷ്ണൻ, കെ.ഗോവിന്ദൻ, രാജ്മോഹൻ മാമ്പ്ര, പി.എസ്.രജനീഷ്, പ്രിജേഷ് അച്ചാണ്ടി, കെ.ബി.ബിജു കുമാർ, പി.പി.സുരേഷ് കുമാർ എന്നിവരും സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ ഒ.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. 306 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചർച്ച ഇന്നും തുടരും. ഇന്ന് ( മാർച്ച് 4ന്) വൈകീട്ട് ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.


Reporter
the authorReporter

Leave a Reply