കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് തുടരുന്നതിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ചികിത്സാ പിഴവിന് ഇരയായ അശ്വിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു വി കെ സജീവൻ. കഴിഞ്ഞദിവസം ആണ് കോയമ്പത്തൂരിൽ വച്ച് ഗുരുതരമായി പരിക്കേറ്റ ചെക്കിയാട് സ്വദേശി അശ്വിനെ തുടയെല്ല് പൊട്ടിയ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തക്ക സമയത്ത് ചികിത്സ നൽകാത്തതിനാൽ മജ്ജയിലെ കൊഴുപ്പ് രക്തത്തിൽ കലർന്ന് ജീവൻ അപകടത്തിൽ ആവുന്ന സ്ഥിതിയാണ് ഉണ്ടായത്.
24 മണിക്കൂർ കഴിഞ്ഞിട്ടും ഡോക്ടർമാർ നിർദ്ദേശിച്ച സർജറി ആ യുവാവിന് ചെയ്യാൻ സാധിച്ചില്ല. അതേ തുടർന്ന് ജീവൻ അപകടത്തിൽ ആവുന്ന സാഹചര്യത്തിലാണ് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി സർജറി ചെയ്തത്. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആയിട്ടുണ്ട് അപകടാവസ്ഥ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിക്കടി മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് തുടരുകയാണ് അതിനുദാഹരണമാണ് പേരാമ്പ്ര സ്വദേശി രജനിക്ക് മരുന്നു മാറ്റി നൽകി വെന്റിലേറ്ററിൽ ആയത്.
രണ്ടു മൂന്നു വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇത്തരം വാർത്തകൾ വരുന്നുണ്ട്. ഇതിന് കാരണം ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് എന്ന് ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെ സംഘടനകൾ എല്ലാം ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 4000 ത്തിലധികം ഹെഡ് നേഴ്സുമാർ വേണ്ട സ്ഥലത്ത് 500 പേർ മാത്രമാണുള്ളത്. 937 അസിസ്റ്റന്റ് നേഴ്സുമാർ വേണ്ടിടത്ത് 200 പേരും, 937 ഹോസ്പിറ്റലിൽ അറ്റൻഡർമാർ വേണ്ടിടത്ത് 79 പേരുമാണ് ആകെയുള്ളത് എന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് പിഎംഎസ്എവൈ ബിൽഡിങ് ഇവിടെ ഉദ്ഘാടനം ചെയ്തത്. ഈ ബിൽഡിങ്ങിലേക്ക് അത്യാഹിത വിഭാഗം മാറ്റി 1051 കിടക്ക സൗകര്യങ്ങള്‍ ഒരുക്കി പ്രവർത്തിക്കുന്ന ഈ കഷ്വാലിറ്റിയില്‍ വേണ്ടത് 16 ഡോക്ടർമാർ എന്നാൽ ഇവിടെ ആകെ ഉള്ളത് ഒരു പ്രൊഫസർ മാത്രമാണെന്നും,അഡ്വക്കേറ്റ് വി കെ സജീവൻ ചൂണ്ടിക്കാട്ടി. അനസ്തേഷ്യ കൊടുക്കുന്ന 10 ഡോക്ടർമാർ വേണ്ടിടത്ത് മൂന്ന് പേർ മാത്രമാണുള്ളത്.
കോഴിക്കോടിനെ കൂടാതെ സമീപ ജില്ലകളും ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് ആണിത്. ഓരോ ദിവസവും 3000ത്തിലധികം രോഗികൾ വരുന്ന ഈ മെഡിക്കൽ കോളേജിലാണ് ജീവനക്കാരുടെ ക്ഷാമം നേരിടുന്നത്. പിഎം എസ് എസ് വൈ ബിൽഡിംഗ് ഉദ്ഘാടനം ചെയ്ത സമയത്ത് തന്നെ ബിജെപി നിരന്തരം ആവശ്യപ്പെട്ട കാര്യമാണ് ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണം എന്നത്. അത്യാവശ്യത്തിന് ജീവനക്കാരില്ലാതെ ഭൗതികസൗകര്യങ്ങൾ മാത്രം ഉണ്ടായിട്ട് കാര്യമില്ല എന്നും വികെ സജീവൻ പറഞ്ഞു. ഇവിടെ വരുന്ന രോഗികൾ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്, കൂടാതെ നിലവിലുള്ള ജോലിക്കാർക്ക് അധിക ജോലിഭാരവും ഉണ്ട് അതുകൊണ്ട് തന്നെ മെഡിക്കൽ കോളജിലെ എല്ലാ പ്രവർത്തനങ്ങളും തന്നെ താളം തെറ്റിയ നിലയിലാണ്. അതിന് അടിയന്തര ഇടപെടൽ ആവശ്യമാണ്. അശ്വിന്റെ ജീവൻ നിലനിർത്താൻ ആയത് കുടുംബക്കാർക്ക് സ്വകാര്യ ആശുപത്രിയിലേക്ക് തക്ക സമയത്ത് മാറ്റാൻ കഴിഞ്ഞതുകൊണ്ടാണ്. എന്നാൽ ആശുപത്രിയിലെ ചികിത്സ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ലക്ഷക്കണക്കിന് രൂപയാണ് നിലവിൽ ചിലവായിട്ടുള്ളത്. സർക്കാർ അടിയന്തരമായി ഇടപ്പെട്ട് തക്കതായ നഷ്ടപരിഹാരം അശ്വിന്റെ കുടുംബത്തിന് നൽകണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.ബിജെപി ജി,ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി,നാദാപുരം മണ്ഡലം പ്രസിഡന്‍റ് കെ.കെ.രഞ്ജിത്ത്,ജനറല്‍ സെക്രട്ടറി ആര്‍.പി.വിനീഷ് എന്നിവരും ഒപ്പമുണ്ടായി.
ബിജെപി സത്യാഗ്രഹം 18ന്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തുടര്‍ച്ചയായ ചികിത്സാപിഴവില്‍ മുഖ്യമന്ത്രി ഇടപെടുക,അശ്വിന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക,ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ നവമ്പര്‍ 18ന് മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യാഗ്രഹം നടത്തും.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.