GeneralPolitics

നിയമസഭയില്‍ ഇരിപ്പിടങ്ങളില്‍ മാറ്റം; ഒ.ആര്‍ കേളു രണ്ടാം നിരയില്‍

Nano News

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ രണ്ടാമനായി. കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയതോടെ ഒഴിവുവന്ന കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്.

രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആര്‍ കേളുവിന്റെ ഇരിപ്പിടം രണ്ടാം നിരയിലാണ്.

ഇന്നലെയാണ് ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫിസിലെത്തി അദ്ദേഹം ചുമതലയേറ്റു.

നിലവില്‍ ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ള താല്‍ക്കാലിക വാഹനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് ഔദ്യോഗിക വാഹനം അനുവദിക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേളുവിന്റെ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന എന്നിവര്‍ക്കു പുറമെ ബന്ധുക്കളും വയനാട്ടില്‍ നിന്നെത്തിയ നാട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന് പൂച്ചെണ്ട് നല്‍കി ആശംസകള്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply