Wednesday, December 4, 2024
climatGeneral

ജാഗ്രത: 5 ജില്ലകളിൽ റെഡ് അലർട്ട്; 4 ഇടത്ത് ഓറഞ്ച് അലർട്ട്


തിരുവനന്തപുരം : സംസ്ഥാനത്ത് 5 ജില്ലകളിൽ റെഡ് അലർട്ട് തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശം നൽകി.

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ നാളെ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് ആണ്.ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍ വീതം ജലനിരപ്പ് കുറച്ചു.നേരത്തെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടിരുന്നു.

കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.


Reporter
the authorReporter

Leave a Reply