AchievementLatest

കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് സമീര്‍ സി. മുഹമ്മദിന്

Nano News

കോഴിക്കോട്: 2024ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് ട്വന്റിഫോര്‍ ന്യൂസ് കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സമീര്‍ സി. മുഹമ്മദ് അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. 2024 ജൂണ്‍ 22ന് സംപ്രേഷണം ചെയ്ത സാഫല്യം ഭവന പദ്ധതി തകിടം മറിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കാണ് പുരസ്‌കാരം.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഭൂമിയും വീടുമില്ലാത്ത പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്ന പദ്ധതിപ്രകാരം കോഴിക്കോട് ചേളന്നൂരില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടം കെടുകാര്യസ്ഥതയെ തുടര്‍ന്ന് നാശത്തിന്റെ വക്കിലായതാണ് വാര്‍ത്തയുടെ ഉള്ളടക്കം.
മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകരായ പി.ടി. നാസര്‍, കെ.പി. രമേഷ്, കാലിക്കറ്റ് പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി. മുഹമ്മദും സെക്രട്ടറി പി.കെ. സജിത്തും വാർത്താസമ്മേളനത്തിൽഅറിയിച്ചു.
മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ വഴങ്ങോട് സ്വദേശിയായ സമീര്‍ സി. മുഹമ്മദ് 2013 മുതല്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്നു.
ചാലിയത്തൊടി മുഹമ്മദ് – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. എം. സുജൈന. മകള്‍: ഫാത്തിമ ദുആ.
സംസ്ഥാന വനിതാ കമ്മിഷന്റെ 2024ലെ വര്‍ഷത്തെ മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പി.എ സഹീദ് സ്മാരക പുരസ്‌കാരം (2025), മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് (2024), കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ അവാര്‍ഡ് (2016), കര്‍ഷക പെന്‍ഷനേഴ്‌സ് സെന്റര്‍ അവാര്‍ഡ് (2016), കൊച്ചി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ അവാര്‍ഡ് (2015), മികച്ച ഹ്യൂമന്‍ ഇന്‍ട്രസ്റ്റഡ് സ്റ്റോറിക്കുള്ള മണപ്പുറം മിന്നലെ സംസ്ഥാന അവാര്‍ഡ് (2016) എന്നിവ ലഭിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസ് ക്ലബ് ട്രഷറർ പി. പ്രജിത്ത്, ജോ. സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ് തങ്ങൾ എന്നിവരും പങ്കെടുത്തു.


Reporter
the authorReporter

Leave a Reply