Latest

കാലിക്കറ്റ് പ്രസ്‌ക്ലബിന് ഇനി ട്രോമകെയര്‍ വോളന്റിയര്‍ സേന


കോഴിക്കോട്: റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കുമെന്ന്  ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍. ഇതിനായി സിറ്റി പൊലീസ്  കമ്മീഷണറുമായി ആലോചിച്ച് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ ട്രോമകെയര്‍ വോളന്റിയര്‍ സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ട്രോമകെയര്‍ കോഴിക്കോടുമായി സഹകരിച്ച് നടത്തിയ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസ് ബേ അടക്കമുള്ള സംവിധാനങ്ങളില്ലാതെയുളള  അശാസ്ത്രീയ റോഡ് നിര്‍മാണം  അപകടം വര്‍ധിക്കാനിടയാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പോലീസ് ക്ലബില്‍  നടന്ന പരിപാടിയില്‍ പ്രസ്‌ക്ലബ് ട്രോമാകെയര്‍ സേനയുടെ ലോഗോപ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ട്രോമ കെയര്‍ സൊസൈറ്റിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ റിട്ട. എസ്.പിയും ട്രോമ കെയര്‍ കോഴിക്കോട് പ്രസിഡന്റുമായ സി.എം. പ്രദീപ്കുമാര്‍  സ്വാഗതം പറഞ്ഞു. കോഴിക്കോട് നഗരത്തെ  അപകര രഹിതമാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി കോര്‍പറേഷന്‍ മേയര്‍ക്ക് സമര്‍പ്പിച്ചതായി അദ്ദേഹം അറിയിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, ട്രോമ കെയര്‍ കോഴിക്കോട്  സെക്രട്ടറി കെ. രാജഗോപാല്‍, കെ.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രഥമശുശ്രൂഷ, ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ ഡോ. ലോകേഷ് നായര്‍ ക്ലാസെടുത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രായോഗിക പരിശീലനലും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.


Reporter
the authorReporter

Leave a Reply