കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായ ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. ഉച്ചയ്ക്ക് 12.45 ഓടെയാണ് സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ നിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
അതേസമയം, മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.
ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്നാണ് ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ മേപ്പാടിയിലുള്ള ബോച്ചെ 1000 ഏക്കറില്‍നിന്ന് മടങ്ങവെ പൊലിസ് തടഞ്ഞിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ എ.ആര്‍ ക്യാംപിലെത്തിച്ച് പ്രാഥമികമായി ചോദ്യംചെയ്തു. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ ബോച്ചേ നിഷേധിച്ചു.
വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ബോച്ചേ പൊലിസിന് മൊഴിനല്‍കിയത്. ഇവിടെ നിന്നന് ഒരു മണിക്കൂറിനു ശേഷം പൊലിസ് ബോച്ചേയുമായി എറണാകുളത്തേക്ക് പോയി. ബോച്ചേ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എറണാകുളം പൊലിസ് വയനാട് പൊലിസിനെ പോലും അറിയിക്കാതെ മേപ്പാടിയിലെത്തി കസ്റ്റഡിയിലെടുത്തത്.