Saturday, December 21, 2024
GeneralLatestPolitics

പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു: കെ.സുരേന്ദ്രൻ


കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന സംസ്ഥാന കോർ​ഗ്രൂപ്പ് യോ​ഗത്തിന്റെ തീരുമാനം മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അ​ദ്ദേഹം. ഹലാൽ പ്രശ്നമുണ്ടാക്കുന്ന വർ​ഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഏകപക്ഷീയവും തീവ്രവാദികളെ സഹായിക്കുന്നതുമായ നിലപാടാണത്. ഹലാൽ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്നമല്ല. മറിച്ച് അതൊരു ഭീകരവാദ അജണ്ടയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എല്ലാ കാര്യത്തിലും ഹലാൽ ഒളിച്ചുകടത്തുന്നുണ്ട്. പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പോലെയുള്ള ഇസ്ലാമിക തീവ്രവാദികളാണ് ഇതിന് പിന്നിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിയാം. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും പരസ്യമായ പിന്തുണയോടെയാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതക കേസ് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവും ഹലാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടും ഉന്നയിച്ച് ഡിസംബർ 13 ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും. പാർട്ടിയുടെ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സത്യാ​ഗ്രഹം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വർ​ഗീയ പ്രീണനത്തിനും അഴിമതിക്കുമെതിരെ ബിജെപി ശക്തമായ സമരം തുടരും. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കാൻ കാരണം ശതകോടികളുടെ അഴിമതിയാണ്. അട്ടപ്പാടിയിലെ ആദിവാസി വിഭാ​ഗങ്ങൾക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും അഴിമതിയും പാർട്ടി അന്വേഷിക്കും. ഇതിന് വേണ്ടി റിട്ട.ജഡ്ജിമാരും ഐപിഎസ് ഉദ്യോ​ഗസ്ഥരും അടങ്ങിയ സമിതി രൂപീകരിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറും അടങ്ങിയ സമിതി ഈ ആഴ്ച അവസാനം അട്ടപ്പാടി സന്ദർശിക്കും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാട് മനുഷ്യത്വവിരുദ്ധമാണ്. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കും. ഡിസം.7ന് 280 മണ്ഡലം കേന്ദ്രങ്ങളിലും പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറിമാരായ ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് ലിജിൻലാൽ എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply