കോഴിക്കോട്: ഝാർഖണ്ഡിൽ നിന്നുളള നിലവിലെ കോൺഗ്രസ്സ് രാജ്യസഭാംഗവും ഭാരത് ജോഡോ യാത്രാംഗവുമായിരുന്ന ധീരജ് സാഹുവിൻ്റെ വീട്ടിലെയും,ഓഫീസിലേയും അലമാരകളിൽ നിന്ന് പിടിച്ചെടുത്ത 300 കോടി കളളപ്പണത്തെക്കുറിച്ച് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.കോൺഗ്രസ്സിൻ്റെ കള്ളപ്പണ ഇടപാടുകൾക്കെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിഡ്സൻ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതിയുടെ പേരിൽ അധികാരത്തിൽ നിന്ന് പുറത്തുപോയ പാർട്ടി പത്തുവർഷം പിന്നിട്ടിട്ടും കള്ളപ്പണ ഇടപാടുമായി നടക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്.കള്ളപ്പണം ഇല്ലാതാക്കി,ഡിജിറ്റൽ ഇടപാടുകൾ സാർവ്വത്രികമാക്കി സമൂഹത്തെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ തുരങ്കം വെക്കുന്ന സമീപനമാണ് കോൺഗ്രസ്സ് ഉൾപ്പെടെ പ്രതിപക്ഷം സ്വീകരിക്കുന്നത്.ഇന്ത്യ മുന്നണിയിലെ പലകക്ഷികളുടേയും നേതാക്കൻമാരുടെ വീടുകളിൽ നിന്നും ഇതുപോലെ കളളപ്പണം പിടിക്കപ്പെടുകയാണ്.കളളപ്പണ സംസ്കാരം ഇല്ലാതാക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സജീവൻ ആവശ്യപ്പെട്ടു.
ഇൻഡോർ സ്റ്റേഡിയം റോഡിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കിഡ്സൻ കോർണറിൽ അവസാനിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാർ,എം.മോഹനൻ,കൗൺസിലർ പി.സത്യഭാമ,യുവമോർച്ച ജില്ലാപ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ സംസാരിച്ചു.കെ.ഷൈബു, എസ്.ജയകിഷ്,ടി.എം.അനിൽകുമാർ,പി.വാസുദേവൻ നമ്പൂതിരി,പി.രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.