Tuesday, December 3, 2024
Local NewsPolitics

സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തുന്ന സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു


കോഴിക്കോട്: സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തിയ സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭം നടത്തുന്ന നാട്ടുകാര്‍ക്കും പ്രകൃതി സംരക്ഷണ സമിതിക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടുളി തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ടുളള സ്ഥലത്ത് കുറച്ചുകാലമായി പ്രശ്നം നിലനിൽക്കുകയാണ്. തണ്ണീർത്തടം, തോട്ടം,നഞ്ച, പുഞ്ച,സ്ഥിരം പുഞ്ച എന്നിങ്ങനെ സർക്കാർ രേഖയിൽ കാണിച്ചിട്ടുള്ള ഈ നിലത്തിൽ അനധികൃതമായിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും സ്ഥലം സന്ദർശിച്ച ശേഷം വി കെ സജീവൻ പറഞ്ഞു. തണ്ണീർത്തടം നികത്തലും കണ്ടൽക്കാടുകൾ നശിപ്പിക്കലും എല്ലാം കഴിഞ്ഞ കുറെ വർഷമായി ഭൂ മാഫിയയുടെ നേതൃത്വത്തിൽ ഈ മേഖലയിലുട നീളം നടന്നുകൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളാണ്.


സർക്കാറിന്റെ കൈവശമുള്ള കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായിട്ടുള്ള ഭൂമിയാണിത്. ഇവിടെയാണ് സ്വകാര്യ വ്യക്തികൾ അധികൃതരുടെ മുന്നിൽവച്ച് കണ്ടൽക്കാട് നശിപ്പിക്കാനും, തണ്ണീർത്തടം നികത്താനും ശ്രമം നടത്തുന്നതെന്നും വികെ സജീവൻ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി നാട്ടുകാരുടെയും റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്. കണ്ടൽകാട് വെട്ടിത്തളിച്ച്, തണ്ണീർത്തടം നികത്തി അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുന്നവരുടെ കയ്യില്‍ യാതൊരുവിധ രേഖകളോ ലൈസൻസുകളോ ഇല്ല എന്നു മാത്രമല്ല ഈ സ്ഥലത്തുളള പ്രധാനപ്പെട്ട അനധികൃത ബില്‍ഡിംഗ് പൊളിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ ഫൈനല്‍ നോട്ടീസ് നല്‍കിയിട്ടുളളതാണ് എന്നതും ശ്രദ്ധേയമാണെന്ന് വി കെ സജീവൻ. ജെസിബി യോ,ലോറിയോ കയറ്റാന്‍ അനുവാദമില്ലാത്ത ഭൂമിയില്‍ ഇത്രയും അകത്ത് പോലും ജെസിബിഉപയോഗിച്ച് കണ്ടൽക്കാടുകൾ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അധികൃതർ മുഴുവനും കണ്ണടയ്ക്കുകയാണെന്നും വി കെ സജീവൻ ആരോപിച്ചു. കൂടാതെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ഇവിടെ ജോലി ചെയ്യാൻ പറ്റുന്നില്ലെന്നും വി കെ സജീവൻ.

കാരണം കഴിഞ്ഞ ദിവസം ഇവിടെ ജെസിബി ഉപയോഗിച്ചുള്ള പ്രവർത്തനം തടഞ്ഞ വേങ്ങേരി വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയി എന്നത് അതിനുദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വില്ലേജ് ഓഫീസറാണ് വിവരാകാശ നിയമപ്രകാരം ഈ ഭൂമിയെ കുറിച്ചുള്ള വിവരങ്ങൾ നാട്ടുകാർക്ക് കൈമാറിയത്. അപ്പോൾ ഇവിടെ ഈ ഭൂമി പരിസ്ഥിതി ലോല പ്രദേശമാണെന്ന് സത്യസന്ധമായ റിപ്പോർട്ട് കൊടുക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് പോലും ഇവിടെ നിലനിൽക്കാൻ പറ്റുന്നില്ല എന്നതാണ് ഇതിലൂടെ നമുക്കെല്ലാം മനസ്സിലാക്കാൻ പറ്റുന്നത് എന്നും വി കെ സജീവൻ പറഞ്ഞു. ഇങ്ങനെ പ്രകൃതി ചൂഷണം നടത്തുന്ന ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട അധികാരികളോട് ബിജെപി ആവശ്യപ്പെടുകയാണ്. വലിയ സ്വാധീനമുള്ള ഭൂമാഫിയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് ഒരു പക്ഷേ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ എല്ലാം നേതാക്കളെയും ഇവർ പണം കൊടുത്ത് സ്വാധീനിച്ചിട്ടുണ്ടാവാം.2022 ഇവിടുത്തെ കൗൺസിലറുടെ നേതൃത്വത്തിലാണ് ഇവിടെ ഒരു പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ചത് . എന്നാൽ അതിന്റെ ചെയർമാനെ പിന്നീട് നടന്ന സമരങ്ങളിൽ ഒന്നും കാണാനില്ല. കഴിഞ്ഞദിവസം ഇവിടെ ജെസിബി ജനങ്ങൾ നേരിട്ട് തടഞ്ഞപ്പോൾ പോലും അദ്ദേഹത്തെ കണ്ടില്ല അപ്പോൾ എങ്ങനെയാണോ ഭരണകക്ഷിയെ സ്വാധീനിക്കേണ്ടത് എന്നും മറ്റു രാഷ്ട്രീയപാർട്ടിക്കാരെ സ്വാധീനിക്കുന്നതെന്നും കൃത്യമായി അറിയുന്ന ആളുകളാണ് ഈ ഭൂമാഫിയയ്ക്ക് നേതൃത്വം നൽകുന്നത്. നിരവധി തവണ ഈ റസിഡൻസ് അസോസിയേഷനെയും നാട്ടുകാരെയും എല്ലാം സ്വാധീനിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ട്. അവർക്ക് വഴങ്ങാത്തവർക്ക് എതിരെ കള്ളക്കേസ് കൊടുക്കുകയാണ് അവർ ചെയ്യുന്നത്. അതിനാൽ തന്നെ കണ്ടൽക്കാടുകളും,തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുവാൻ വേണ്ടി നാട്ടുകാർ നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വ.കെ.വി.സുധീര്‍,ജില്ലാ സെക്രട്ടറിമാരായ ടി.റിനീഷ്,അനുരാധ തായാട്ട്,പ്രശോഭ്കോട്ടുളി,നോര്‍ത്ത് മണ്ഡലം പ്രസിഡന്‍റ് സബിത പ്രഹ്ലാദന്‍,ജനറല്‍ സെക്രട്ടറി പി.രജിത്കുമാര്‍,ജില്ലാ കള്‍ചറല്‍ സെല്‍കണ്‍വീനര്‍ സാബു കൊയ്യേരി,മഹിളാമോര്‍ച്ച ജില്ലാസെക്രട്ടറി ശ്രീജ സി നായര്‍,മണ്ഡലം പ്രസിഡന്‍റ് രാജേശ്വരി അജയലാല്‍ ബിജെപി മണ്ഡലം വൈസ്പ്രസിഡന്‍റ് ഹരീഷ് മലാപ്പറമ്പ് തുടങ്ങിയവര്‍ അനുഗമിച്ചു.


Reporter
the authorReporter

Leave a Reply