കോഴിക്കോട്:ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ നിലവിലുള്ളപക്ഷിപ്പനിനിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥല(പ്രഭവ കേന്ദ്ര)ത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നാളെ (മാര്‍ച്ച് 21) നടത്താന്‍ യോഗത്തില്‍ തീരുമാനമായി. സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുക. 14,228 വളര്‍ത്തുപക്ഷികളെയാണ് കൊന്നു നശിപ്പിക്കുക.
തുടര്‍ന്ന് കള്ളിങ്ങില്‍ ഉള്‍പ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലുന്ന മോപ്പിങ്, ഉടമസ്ഥര്‍ ഒളിപ്പിച്ചതോമറ്റിടങ്ങളിലേക്ക് കടത്തിയതോ ആയ പക്ഷികള്‍ ഉണ്ടെങ്കില്‍ അവയെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന കോംബിങ് തുടങ്ങിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടമായി സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് നടപ്പിലാക്കും. നിലവില്‍ രോഗം സ്ഥിരീകരിച്ച ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ, കോര്‍പ്പറേഷന്‍ പരിധിയിലെ നല്ലളം എന്നിവിടങ്ങളില്‍ നാല് വീതം ആര്‍ആര്‍ടി ടീമുകളെ സജ്ജമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തില്‍ ജന്തുരോഗനിയന്ത്രണ പദ്ധതി കാര്യാലയത്തില്‍ നിന്നും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലിലേക്ക് അയച്ച അഞ്ചു സാമ്പിളുകളാണ് ഹൈ പത്തൊജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ പക്ഷികളില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ് സജീദ്, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ പി സി മുജീബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ കെ രാജാറം,ചീഫ് വെറ്റിനറി ഓഫീസര്‍ സിബി കെ ചാക്കോ,മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. പി കെ രമദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വളര്‍ത്തുപക്ഷികളുടെ ഉപയോഗം വിപണനം കടത്തല്‍ നിരോധിച്ചു
പെരുമണ്ണ പഞ്ചായത്തിലെ വാര്‍ഡ് 15, ഒളവണ്ണ പഞ്ചായത്തിലെ വാര്‍ഡ് ആറ്, കക്കൊടി പഞ്ചായത്തിലെ വാര്‍ഡ് നാല്, പനങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 15, കോര്‍പറേഷന്‍ പരിധിയിലെ വാര്‍ഡ് 44 എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പ്രഭവ കേന്ദ്രങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം(വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ജില്ല കളക്ടര്‍ നിരോധിച്ചു.
മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട
മതിയായി പാകം ചെയ്ത കോഴി, താറാവ്, കാട എന്നിവയുടെ മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട എന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ല വിഭാഗം അറിയിച്ചു. ഇറച്ചിയില്‍ വൈറസ് സാന്നിധ്യം ഉണ്ടെങ്കില്‍ 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ മൂന്ന് മുതല്‍ അഞ്ച് മിനിറ്റിനകംപക്ഷിപ്പനിവൈറസുകള്‍ നശിക്കും. പച്ചമുട്ട കുടിക്കുന്നതും ബുള്‍സൈ പോലുള്ള പാതിവെന്ത വിഭവങ്ങളും പകുതി വെന്ത ഇറച്ചിയും മുട്ടയും പൂര്‍ണ്ണമായും ഒഴിവാക്കണം. ചില ഘട്ടങ്ങളില്‍ രൂപഭേദം സംഭവിച്ചു മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഉണ്ടെന്നതിനാല്‍ ചത്തകോഴികളെ/പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും കോഴികളെ കശാപ്പു ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. കയ്യുറകളും മുഖാവരണങ്ങളും വ്യക്തിശുചിത്വ മാര്‍ഗങ്ങളും രോഗവ്യാപനം തടയും. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പക്ഷികളെ പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍, പക്ഷികളെ കശാപ്പുചെയ്യുന്നവര്‍, പാചകക്കാര്‍, വെറ്ററിനറി ഡോക്റ്റര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495-2762050.










