ആലപ്പുഴ: കാക്കകള്‍ക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴയില്‍ ആശങ്ക. കാക്കകള്‍ മറ്റിടങ്ങളിലേക്കെത്തുന്നത് രോഗബാധ തീവ്രമാക്കിയെന്നാണ് സംശയിക്കുന്നത്. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് പക്ഷിപ്പനി വ്യാപിച്ചത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡിലും മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 17ാം വാര്‍ഡിലുമാണ് പരുന്തിന്റെ സാംപിളില്‍ രോഗം. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് കൊക്കിന്റെ സാംപിളില്‍ രോഗബാധ കണ്ടെത്തിയത്. ഇവിടങ്ങളില്‍, മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുപക്ഷികളെ ഇന്ന് കൊന്നൊടുക്കും. ഈ പ്രദേശങ്ങളിലെ 6,069 പക്ഷികളെയാണ് പ്രതിരോധത്തിന്റെ ഭാഗമായി കൊന്ന് സംസ്‌കരിക്കേണ്ടത്.
എറണാകുളത്തുനിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലുക.
ജീവനക്കാരില്‍ ഭൂരിഭാഗവും ക്വാറന്റൈനിലായത് മൃഗസംരക്ഷണവകുപ്പിന്റെ ജോലികളെ ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഒരാഴ്ചയിലേറെയായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്ന ജോലിയിലാണ് മൃഗസംരക്ഷണവകുപ്പ്. ഇതു ചെയ്യുന്നവര്‍ 10 ദിവസത്തെ ക്വാറന്റൈനില്‍ പോകണം.
അതിനാലാണ് മറ്റു ജില്ലയില്‍നിന്നുള്ള സംഘത്തിന്റെ സഹായം തേടിയത്. രോഗബാധയുണ്ടായ കാക്കകളെ എന്തുചെയ്യണമെന്നതില്‍ ഇതുവരെ വ്യക്തതയില്ല. പലയിടങ്ങളിലും കാക്കകള്‍ മയങ്ങിയിരിക്കുന്നുണ്ട്. പക്ഷികളുടെ ശ്വാസനാളത്തെയും ദഹനവ്യവസ്ഥയെയുമാണ് വൈറസ് ബാധിക്കുക.
അതിനാല്‍ പക്ഷികളുടെ കണ്ണില്‍നിന്നും വായില്‍നിന്നും മൂക്കില്‍നിന്നും വരുന്ന സ്രവത്തിലും കാഷ്ഠത്തിലും വൈറസിന്റെ സാന്നിധ്യമുണ്ടാകും. കൂടാതെ തൂവലില്‍ ആഴ്ചകളോളം വൈറസ് നിലനില്‍ക്കും. കാക്കകളിലും മറ്റു പറവകളിലും വളര്‍ത്തുപക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവികമരണങ്ങള്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*