കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂരിൽ സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഉദ്ഘാടനം മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി നിർവഹിച്ചു. വായിക്കുന്ന മലയാളിയുടെ ജീവിതത്തെ ആവേശം കൊള്ളിച്ച കഥാകാരനാണ് ബഷീർ. സ്വന്തം രചനകളിലൂടെ ഗഹനമായ ആശയങ്ങൾ വളരെ ലളിതമായി മലയാളികൾക്കായി സമർപ്പിച്ച ബഷീറിന്റെ ഓരോ കഥയും ജീവിതത്തിലെ സത്യാന്വേഷണങ്ങൾ തന്നെയാണെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടു.
ബേപ്പൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. മാങ്കോസ്റ്റീൻ മരത്തിനു കീഴിലെ ചാരുകസേരയും സോജാരാജകുമാരിയുമെല്ലാം ബേപ്പൂർ സുൽത്താനെന്ന വിശ്വകഥാകാരന്റെ ഓർമകളാണ്. ബേപ്പൂരിലെ ജനങ്ങളുടെ അഭിമാനസ്മാരകമായി മാറുന്ന രീതിയിൽ ആകാശമിഠായി എന്ന ബഷീർ സ്മാരകത്തിനു നാളെ തറക്കല്ലിടും. ബേപ്പൂർ സുൽത്താനെ വായിക്കാനും കാണാനും അനുഭവിച്ചറിയാനുമായി നിർമിക്കുന്ന സ്മാരകത്തിന്റെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര- സാംസ്കാരിക വകുപ്പുകൾ സഹകരിച്ച് ബേപ്പൂർ കേന്ദ്രീകരിച്ച് നാലു ദിവസങ്ങളിലായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ബഷീറിന്റെ വീട്ടിലും പരിസരത്തുമായി വൈവിധ്യമാർന്ന സാഹിത്യ- സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിന്റെ ആദ്യദിനമായ ശനിയാഴ്ച വിപുലമായ കലാ സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച ബഷീർ ക്യാൻവാസ് ചിത്രരചന പ്രശസ്ത ചിത്രകാരൻ സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരന്മാർ ബഷീർ കഥാപാത്രങ്ങളെ ക്യാൻവസിൽ പകർത്തി. ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത ബേപ്പൂർ സുൽത്താന്റെ ജീവിതചിത്രങ്ങൾ പ്രദർശിപ്പിച്ച ബഷീർ ഫോട്ടോ പ്രദർശനം മുൻ എം.എൽ.എ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ബേപ്പൂർ ഹൈസ്‌കൂൾ പരിസരത്തു നടത്തുന്ന ഭക്ഷ്യമേള ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്ടെ ഹോട്ടലുകളും, വീട്ടമ്മമാരും ചേർന്നൊരുക്കുന്ന നാടൻ ഭക്ഷ്യമേളയിൽ ഇരുപത്തിനാലോളം സ്റ്റാളുകളിലായി രുചികരമായ വിഭവങ്ങൾ അണിനിരന്നു. കുടുംബശ്രീയുടെയും ഉത്തരവാദിത്തടൂറിസത്തിന്റെയും ഒപ്പം പ്രദേശത്തെ ചെറുകിട സംരംഭകരുടെയും നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങൾ വിപണനം നടത്തുന്ന സ്റ്റാളുകളും മേളയിൽ സജീവമാണ്.
പ്രശസ്ത മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ ‘അദ്‌ഭുതങ്ങളുടെ സുൽത്താൻ’ എന്ന മാജിക് ഷോ വൈക്കം മുഹമ്മദ് ബഷീറിനുള്ള മാന്ത്രിക സമർപ്പണമായി മാറി. ശേഷം നടന്ന കലാപരിപാടികൾ വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. രാജശ്രീയുടെ നേതൃത്വത്തിൽ പൂതപ്പാട്ടും ശേഷം സമീർ ബിൻസിയും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും അരങ്ങേറി. കലാ സാംസ്കാരിക സന്ധ്യയും, സാഹിത്യപരിപാടികളും, ഭക്ഷ്യമേളയും കൂടിയായപ്പോൾ ബേപ്പൂരിൽ ഉത്സവമേളമായി.
കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ.പാറക്കടവ്, ഷാഹിന ബഷീർ, അനീസ് ബഷീർ, കെ.ആർ. പ്രമോദ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ബേപ്പൂർ സ്വദേശിയും ചിത്രകാരനുമായ സുഷാന്ത് വല്ലാറ്റിൽ വരച്ച ചിത്രം മന്ത്രി പി.എ മുഹമ്മദ് റിയാസ് എം.എ ബേബിക്ക് നൽകി.