Sunday, December 22, 2024
Art & CultureLatestLocal NewsTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: തീരങ്ങളെ ഉണർത്തി ഗസൽ സന്ധ്യ


ബേപ്പൂർ:അസ്തമയ സൂര്യനു താഴെ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ഗസൽ മഴ പെയ്ത സായാഹ്നത്തിൽ ബേപ്പൂർ മറീന വാട്ടർ ഫെസ്റ്റിനായി ഒരുങ്ങി.
ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച്ബേപ്പൂരിലെ അസ്തമയ കാഴ്ചകൾക്ക് പൊലിമയേകി
മെഹ്ഫിൽ ഓർക്കസ്ട്രയിലെ ഗുലാബ് ആൻറ് ടീം ആണ് ഗസൽ സന്ധ്യ അവതരിപ്പിച്ചത്.

ബേപ്പൂർ മറീന ബീച്ചിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന ഗസൽ സന്ധ്യയിൽ മലയാളം ഹിന്ദി ഭാഷകളിലെ പാട്ടുകൾ ഒഴുകിയെത്തി. വ്യത്യസ്ത ഈണങ്ങളിൽ പ്രാണസഖി , താമസമെന്തേ , ചാന്ദ് വിൻ കാ ചാന്ദ് ഹോ, ആനെ സെ ഉസ്‌കെ ആയീ ബഹാർ, ബഹുത്ത് പ്യാർ കർത്തേഹോ തുമ്കൊ സനം തുടങ്ങിയ ഗാനങ്ങൾ ബേപ്പൂരിലെത്തിയ ഓരോരുത്തരെയും സംഗീതത്തിൻ്റെ ലഹരിയിൽ താളം പിടിപ്പിച്ചു.

ഓർക്കസ്ട്രയിൽ ഖാലിദ് കിബോർഡും അബ്ദുൽ റസാഖ് തബലയും പ്രെജീഷ് റിഥം പാഡും വായിച്ചു.

ഗസൽ ആസ്വദിച്ച് ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടർ വി ചെൽസസിനി എന്നിവർ ബേപ്പൂർ മറീനയിലെത്തിയിരുന്നു. സംഗീതവും നൃത്തച്ചുവടുകളുമായി ഒട്ടേറെ ആസ്വാദകരും ഗസൽ സന്ധ്യയെ മനോഹരമാക്കി.

വാട്ടർ ഫെസ്റ്റിന് ബേപ്പൂർ ഒരുങ്ങി

ബേപ്പൂരിൻ്റെ മുഖഛായ മാറ്റി വാട്ടർ ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സ്റ്റാളുകളും പവലിയനുകളും തയ്യാറായിക്കഴിഞ്ഞു. അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ബേപ്പൂരിൽ ചേർന്നു. വിവിധ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ, ഭക്ഷ്യമേളയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ, അഡ്വഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായുള്ള പരിപാടികൾക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയവ കലക്ടർ വിലയിരുത്തി.

വാട്ടർ ഫെസ്റ്റിനു മുന്നോടിയായി 24 രാവിലെ 6 :30ന് പൊതുജന പങ്കാളിത്തത്തോടെ ബേപ്പൂർ ബീച്ചിൽ ശുചീകരണ യജ്ഞം നടത്തും. പ്രദേശം വൃത്തിയും മനോഹരവുമാക്കുന്നതിന് നടത്തുന്ന യജ്ഞത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രാവിലെ 6 :30ന് ബീച്ചിൽ എത്തിച്ചേരാം.

ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച്  ഡിസംബർ 24 ന്  വൈകീട്ട് നാലു മണിയോടെ വയനാട് സ്വദേശി ബിനു ബേപ്പൂർ ബീച്ച് പരിസരത്ത് സാൻറ് ആർട്ട് ഒരുക്കും. വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥാപാത്രങ്ങളാണ് ശിൽപങ്ങളായി ഒരുങ്ങുന്നത്. അതോടൊപ്പം കുട്ടികളുടെ പട്ടം പറത്തലും ഉണ്ടാകും. താൽപര്യമുള്ള കുട്ടികൾക്ക് പട്ടം പറത്തലിൽ പങ്കെടുക്കാം.

ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും ഉത്സവഛായ പകർന്നു കൊണ്ട് വിവിധ പരിപാടികളും അരങ്ങേറിത്തുടങ്ങി.


Reporter
the authorReporter

Leave a Reply