കോഴിക്കോട് : ഡിസംബര്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വിവിധ മത്സരങ്ങല്‍ക്ക് നാളെ (ഡിസംബര്‍ 13) തുടക്കമാവും. വൈകിട്ട് നാലു മണിക്ക് നടക്കുന്ന ഫ്‌ളഡ് ലിറ്റ് കബഡി മത്സരം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാലു വീതം പുരുഷ, വനിതാ കബഡി ടീമുകള്‍ ഏറ്റമുട്ടും. മത്സര വിജയികള്‍ക്ക് കാഷ് പ്രൈസും മെഡലും സമ്മാനമായി നല്‍കും.
ഡിസംബര്‍ 15ന് വോളിബോള്‍, 18ന് റഗ്ബി എന്നിവ കോഴിക്കോട് ബീച്ചിലും ഫുട്‌ബോള്‍ മത്സരം ഡിസംബര്‍ 20ന് ബേപ്പൂര്‍ ബീച്ചിലും നടക്കും. വോളിബോള്‍ മത്സരത്തില്‍ നാലു വീതം പുരുഷ, വനിതാ ടീമുകള്‍ മാറ്റുരയ്ക്കും.
ഡിസംബര്‍ 21ന് കോഴിക്കോട് നഗരത്തില്‍ സ്‌കേറ്റിംഗും 22ന് മിനി മാരത്തണും അരങ്ങേറും. രാവിലെ ആറു മണിക്ക് കോഴിക്കോട് നിന്നാരംഭിച്ച് ബേപ്പൂരില്‍ സമാപിക്കുന്ന രീതിയിലാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുക. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ നടക്കും. ഡിസംബര്‍ 27 രാവിലെ ആറ് മണിക്ക് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്ലിംഗും നടക്കും.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ മുന്നോടിയായി ബേപ്പൂരിലും കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വൈവിധ്യമാര്‍ന്ന കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളും വരുംദിവസങ്ങളില്‍ അരങ്ങേറും.