പ്രശാന്ത് എലത്തൂർ
കോഴിക്കോട് : നഗരത്തിൽ പാവമണി റോഡിൽ കോറണേഷൻ തിയേറ്ററിന്റെ എതിർ വശത്തുള്ള ബീവറേജസ് കോർപ്പറേഷന്റെ മദ്യശാലയിൽ മോഷണം. ഇന്നലെ (ചൊവ്വാഴ്ച ) രാത്രി ഒന്നര മണിയോടെയാണ് കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന മദ്യശാലയുടെ കാവൽക്കാരനെ അടിച്ചു വീഴ്ത്തി സ്ഥാപനത്തിലെ ക്യാമറയും കമ്പ്യൂട്ടറും തകർത്ത് മോഷണം നടത്തിയത്. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യശാലയിൽ നിന്നുമുള്ള ശബ്ദം കേട്ട് അത് വഴി വന്ന പട്രോളിങ്ങ് പോലീസ് വാഹനം നിർത്തി തെരച്ചിൽ നടത്തുന്നതിനിടയിൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളും ക്രിമിനൽ സംഘങ്ങളും ഈ പ്രദേശത്ത് വിഹരിക്കുന്നതായി നേരത്തെ തന്നെ ജനങ്ങളിൽ നിന്നും പരാതികളുണ്ടായിരുന്നു. മോഷണത്തിലെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളു.