തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം പടക്കത്തിന് തീ കൊളുത്ത നില്ക്കുന്ന സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. കേരള രാഷ്ട്രീത്തെ തന്നെ പിടിച്ചുലക്കാന്‍ പോന്ന വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഇ.പി ഇടവേളയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ.പി സെക്രട്ടറിയേറ്റില്‍ പങ്കെടുത്തിട്ടില്ല. ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കുമെന്നാണ് സൂചന.
അതേസമയം, തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന് ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ചതി നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാണേണ്ട സമയത്ത് കാണാമെന്നായിരുന്നു ഇപിയുടെ പ്രതികരണം.
പുസ്തകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇ. പി ജയരാജന് നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം മെനഞ്ഞെടുത്തതാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇപി പറഞ്ഞിരുന്നു.
അതിനിടെ, ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലിസ് മേധാവി അന്വേഷിക്കും. ആദ്യഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു.
താന്‍ എഴുതുന്ന ആത്മകഥ പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്റെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്ന ഭാഗം വ്യാജമാണ്. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ഇ.പി നല്കിയ പരാതി.













