Local News

കോഴിക്കോട് മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ


കോഴിക്കോട്: ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വനിതാ പിജി ഡോക്ടറെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്ന വഴിയില്‍ ക്യാംപസിനകത്ത് വച്ചാണ് സംഭവം നടന്നതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.

കാറില്‍ പിന്നാലെയെത്തിയവര്‍ കയറാന്‍ ആവശ്യപ്പെടുകയും നിരസിച്ചപ്പോള്‍ പിന്തുടരുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിൽ ഭയന്ന വിദ്യാര്‍ത്ഥിനി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലില്‍ കയറുകയായിരുന്നു. ഈ വഴിയില്‍ വെളിച്ചം കുറവായതിനാൽ കാറില്‍ ഉണ്ടായിരുന്നവരെ കൃത്യമായി കാണാന്‍ സാധിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ഈ ഭാഗത്ത് സിസിടിവികള്‍ ഇല്ല.

സാധാരണയായി ഹോസ്റ്റലിലേക്ക് പോകുന്ന കുട്ടികള്‍ മാത്രമാണ് രാത്രിയില്‍ ഈ വഴി ഉപയോഗിക്കുക എന്നതിനാല്‍ അധിക സമയവും വിജനമായിരിക്കും. രാത്രി ഏറെ വൈകിയ സമയത്ത് ഇതുവഴി എങ്ങിനെ കാര്‍ എത്തി എന്നും കാംപസിനകത്ത് എങ്ങിനെ പ്രവേശിച്ചു എന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് കോളേജ് വൈസ് പിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.


Reporter
the authorReporter

Leave a Reply