കുറ്റ്യാടി:സംസ്ഥാന സ്ക്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തില് ചാംപ്യനായ പൂർവ വിദ്യാർഥി സി.വിഅനുരാഗിനെ എംഐയുപി സ്ക്കൂൾ അനുമോദിച്ചു. ടൗണിൽനിന്ന് തുറന്നവാഹനത്തിൽ ഘോഷയാത്രയായി ആനയിച്ച് പൂച്ചെണ്ടുകൾ നൽകിയാണ് സ്ക്കൂളിൽ സ്വീകരിച്ചത്. പൂർവ വിദ്യാര്ഥിയും കോഴിക്കോട് അസി. പൊലീസ് കമ്മിഷണറുമായ പി.കെ സന്തോഷ് കുമാർ അനുരാഗിന് ഉപഹാരം കൈമാറി. പ്രധാനാധ്യാപകൻ ഇ.അഷറഫ്, പിടിഎ വൈസ് പ്രസിഡൻ്റ് വി.കെ റഫീഖ് എന്നിവർ ചേർന്ന് അനുരാഗിനെ സ്ക്കൂളിലേക്ക് ആനയിച്ചു.
സ്ക്കൂളുകളില് അധ്യാപകരെ പേടിയായിരുന്ന പണ്ടത്തെ കാലംകഴിഞ്ഞെന്നും ഇപ്പോള് വിദ്യാര്ഥി-അധ്യാപകസൗഹൃദ അന്തരീക്ഷമാണ് നിലനില്ക്കുന്നതെന്നും സന്തോഷ് കുമാര് പറഞ്ഞു. പണ്ടൊക്കെ കുട്ടികൾക്ക് അധ്യാപകരെ പേടിയായിരുന്നു. അന്നൊക്കെപഠിക്കുന്നവർ പഠിക്കും, അല്ലാത്തവർ ഒട്ടും പഠിക്കില്ല. കണക്കും ഹിന്ദിയുമൊക്കെ ഏതാനും പേര് പഠിക്കും. ക്ലാസില് നാലോ അഞ്ചോ പേര് കണക്ക് ചെയ്യും. അത് മിക്കവാറും അധ്യാപകരുടെ മക്കൾ ആയിരിക്കും. പണ്ടൊക്കെ അധ്യാപകരെ പേടിച്ച് പല കുട്ടികളും സ്ക്കൂളിൽ വരാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതിയൊക്കെ മാറി. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരായ അധ്യാപകർ ആത്മാർഥമായി എല്ലാവരെയും നന്നായി പഠിപ്പിക്കുന്നു. ഇന്ന് കുട്ടികള്ക്കൊക്കെ സ്ക്കൂളില് വരൻ ആവേശമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ കലാ കായിക മത്സരങ്ങളിലും പരീക്ഷകളിലും ജേതാക്കളായവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. ജനപ്രതിനിധികളായ ഹാഷിം നമ്പാട്ടിൽ, പി.കെ സബ്ന, അബ്ദുൽ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി എ. മുഹമ്മദ്
ഷരീഫ്, എംപിടിഎ പ്രസിഡൻ്റ് വിനിഷ വി.പി, റഫീഖ് സി, കെ.പി അബ്ദുൽ മജീദ്, ജമാൽ കുറ്റ്യാടി, നാസർ തയ്യുള്ളതിൽ, അഷ്റഫ് ചാലിൽ, ആർ.എൻ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.