GeneralHealthLocal News

ഡി.എം.ഒമാരുടെ കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡി.എം.ഒ ആയി തുടരും

Nano News

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫിസിലെ ശീതയുദ്ധത്തില്‍ വീണ്ടും ട്വിസ്റ്റ്. ഡോ. രാജേന്ദ്രനെ കോഴിക്കോട് നിന്നും സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഇതോടെ ഡോ രാജേന്ദ്രന് അടുത്ത മാസം 9 വരെ കോഴിക്കോട് ഡി.എം.ഒയായി തുടരാം. ജനുവരി 9 ന് ഹരജി വീണ്ടും പരിഗണിക്കും.

ഇക്കഴിഞ്ഞ ഒമ്പതിന് ആരോഗ്യ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിനെ തുടര്‍ന്നാണ് പ്രശ്നം ഉടലെടുത്തത്. കോഴിക്കോട് ഡി.എം.ഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി ഓഫീസിലെ കാബിനിലിരുന്നത്.

ഉത്തരവിനെതിരേ ഡോ.എന്‍ രാജേന്ദ്രന്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഒരുമാസത്തിനകം ഇവരുടെ വാദം കേട്ട് പുതിയ ഉത്തരവ് ഇറക്കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.എന്‍ രാജേന്ദ്രന്‍ വീണ്ടും ഡി.എം.ഒ ആയി ചുമതല ഏറ്റെടുത്തു. 13ന്ഡോ. ആശാദേവി തിരുവനന്തപുരത്ത് ഔദ്യോഗിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവധിയില്‍പോയിരിക്കെയാണ് രാജേന്ദ്രന്‍ വീണ്ടും ഡി.എം.ഒ ചാര്‍ജ് ഏറ്റെടുത്തത്. ഇതിനെതിരേ ഡോ. ആശാദേവി ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. 23ന് ആശാ ദേവി ചുമതല ഏറ്റെടുക്കാനെത്തിയെങ്കിലും രാജേന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞില്ല.

പിന്നാലെ സ്ഥലം മാറിയെത്തിയ ഡോ.ആശാ ദേവിയോട് ഡി.എം.ഒ ആയി തുടരാനും നിലവിലെ ഡി.എം.ഒ ആയ ഡോ.എന്‍ രാജേന്ദ്രനോട് തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടറേറേറ്റില്‍ അഡീഷനല്‍ ഡയരക്ടറായി എത്താനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിട്ടില്ലെന്നും പരാതിക്കാരെ കേട്ട ശേഷം ഒരു മാസത്തിനകം പുതിയ സ്ഥലം മാറ്റ ഉത്തരവ് ഇറക്കണമെന്നുമാണ് ട്രിബ്യൂണല്‍ നിര്‍ദേശമെന്നാണ് ആരോഗ്യ വകുപ്പ് നേരത്തെ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ട്രിബ്യൂണല്‍ ഉത്തരവ് തെറ്റിദ്ധരിച്ചാണ് ഡോ.രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ഡി.എം.ഒയായി ചുമതയേറ്റതെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിലപാട്. ഈ മാസം 24 നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ് വന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഡോ. രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.


Reporter
the authorReporter

Leave a Reply