Friday, January 24, 2025
General

കോഴിക്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോണിൽ അജ്ഞാത സന്ദേശം; തുറന്നു വായിച്ചവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി


കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ കുടുംബശ്രീ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതായി പരാതി. കൊടുവള്ളിയിലെയും, കിഴക്കോത്തെയും ഏതാനും കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോണിലേക്ക് വന്ന വാട്‌സാപ് സന്ദേശത്തിലൂടെയാണ് ഹാക്കിംഗ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫോണിലേക്ക് വന്ന എപികെ (ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ്) ഫോര്‍മാറ്റിലുള്ള ഫയല്‍ തുറന്നവരാണ് ഹാക്കിംഗില്‍ കുടുങ്ങിയത്.

സന്ദേശം തുറക്കുന്നതോടെ ഫോണിലെ എല്ലാ ഗ്രൂപ്പുകളിലേക്കും ഇതേ സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടതായി അനുഭവസ്ഥര്‍ പറഞ്ഞു. കൂടാതെ മറ്റുള്ളവരും ഫയല്‍ തുറക്കുന്നതോടെ ഫോണിലെ വിവരങ്ങളടക്കം ഹാക്ക് ചെയ്യപ്പെടുന്ന അനുഭവമുണ്ടായെന്നും പരാതിക്കാര്‍ അറിയിച്ചു. എളേറ്റില്‍ വട്ടോളി സ്വദേശിയും കുടുംബശ്രീ എഡിഎസുമായ കെസി ഹാജറയുടെ ഫോണ്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതായും സിം കാര്‍ഡ് ഫോണില്‍ നിന്ന് ഉടന്‍ മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായും ഹാജറ പറഞ്ഞു. ഫോണില്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കാത്തതിനാല്‍ ഇവര്‍ക്ക് പണം നഷ്ടമായിട്ടില്ല. അതേസമയം മറ്റ് പലര്‍ക്കും പണം നഷ്ടമായതായും പരാതി ഉയര്‍ന്നിട്ടുണ്ട്.


Reporter
the authorReporter

Leave a Reply