കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയത് അറസ്റ്റിലായ മുൻ മാനേജർ റിജില്‍ മാത്രമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും, കോർപറേഷന്റെ മുഴുവൻ പണവും തിരികെ നൽകാൻ ബാങ്കിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെ റിജിലിന്റെ അറസ്റ്റ് നടന്നതിൽ ദുരുഹതയുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ.പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ തിരിമറി നടത്തിയ പണം ഓഹരി വിപണിയിൽ നിക്ഷേപിച്ച് നഷ്ടമായെന്ന് ക്രൈംബ്രാഞ്ചിന് എങ്ങിനെ ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നത്. റിജിൽ ബിനാമിയാണോ റിയൽ എസ്റ്റേറ്റ് മേഖലയിലോ മറ്റെന്തെങ്കിലും ഇടപാടുമായോ ബന്ധമുണ്ടോ എന്ന കാര്യങ്ങളും അന്വേഷിക്കേണ്ടത് ഉണ്ട്.കോടികളുടെ തിരുമറിക്ക് പിന്നിൽ ഉന്നതർക്കും അധികൃതർക്കും പങ്കുണ്ടോ എന്നതുള്‍പ്പെടെ സമഗ്രമായ അന്വേഷണം വേണം. മൂന്നുകോടിയിലധികം വരുന്ന ക്രമക്കേടുകള്‍ നിയമപരമായി സിബിഐ ക്കു കൈമാറേണ്ടതാണ്. ക്രെം ബ്രാഞ്ച് കേസ് തീര്‍ക്കാനുളള തിടുക്കത്തിലാണ്. പണം തിരിച്ചു കിട്ടിയതു ചൂണ്ടിക്കാണിച്ചും,
കദന കഥകൾ വിവരിച്ചും ക്രൈം ബ്രാഞ്ച് കേസ് അവസാനിപ്പിക്കുകയാണ് എന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്.പണം നഷ്ടമായിരിക്കുന്നത് കോര്‍പറേഷന്‍റെ അക്കൗണ്ടുകളില്‍ നിന്ന് മാത്രമാണ്. ഈ അക്കൗണ്ടുകള്‍ സ്ഥിരമായി ഉപയോഗിക്കാത്തതാണെന്ന് അറിയുന്ന മറ്റാളുകളേയും ചോദ്യം ചെയ്യണം.ഓഹരിവിപണിയില്‍ എത്രരുപ നിക്ഷേപിച്ചു എങ്ങിനെയൊക്കെയാണെന്നറിയാന്‍ റിജിലിന്‍റെ ഡിമാറ്റ് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ പരിശോധിക്കണം.
ബാങ്കിന്‍റെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദത്തിലൂടെ ബാങ്ക് ജീവനക്കാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടിട്ടും ബാങ്ക് എംപ്ലോയീസ് സംഘടനകള്‍ പ്രത്യേകിച്ച് ഇടത് സംഘടന മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്.കാര്യങ്ങള്‍ വ്യക്തമാകാന്‍ അവരും സമ്മര്‍ദ്ദം ചെലുത്തേണ്ടതൂണ്ട്. നിലവിലെ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. പൊതു താൽപര്യം പരിഗണിച്ച് സിബിഐ അന്വേഷണത്തിനായ് ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.