വയനാട്: ദുരന്തഭൂമിയിലെ തിരച്ചില്‍ ഏഴാം നാളും തുടരുകയാണ്. തിരിച്ചറിയാന്‍ കഴിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളുമാണ് പുത്തുമലയില്‍ സംസ്‌കരിക്കുക.
വൈകുന്നേരം മൂന്ന് മണിയോടുകൂടി സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുമെന്നും മന്ത്രി. ഇതുവരെയും തിരിച്ചറിയാതിരുന്ന എട്ട് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ടവര്‍ക്ക് യാത്രാമംഗളം നേര്‍ന്നത്.
ഉരുള്‍പൊട്ടലില്‍ ഇതുവരെ 404 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുള്‍. 222 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 38 പേര്‍ കുട്ടികളുടേതും ബാക്കി 220 മൃതദേഹങ്ങളും 183 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തുടരുന്നത്.
മീററ്റില്‍ നിന്നുള്ള സൈന്യവും പ്രത്യേക പരിശീലനം നേടിയ നാലു നായ്ക്കളും തിരച്ചിലിന്റെ ഭാഗമാകും. ഡ്രോണ്‍ ഉപയോഗിച്ച് തയ്യാറാക്കിയ മാപ്പ് അടിസ്ഥാനമാക്കിയും തിരച്ചില്‍ നടത്തും. മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുവേണ്ടി ശാസ്ത്രീയ പരിശോധനകള്‍ക്കായി ബന്ധുക്കളുടെ രക്തസാംപിളുകളും ശേഖരിക്കുന്നുണ്ട്.