ശബരിമല:പ്രശസ്ത ബോളിവുഡ് താരം അജയ് ദേവഗൺ ബുധനാഴ്ച ശബരിമലയിൽ ദർശനം നടത്തി. രാവിലെ കേരളത്തിലെത്തിയ താരം ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തിയ ശേഷം അവിടെ നിന്ന് പമ്പയിലെത്തി സന്നിധാനത്തെത്തുകയായിരുന്നു. പതിനാല് പേരടങ്ങുന്ന സംഘത്തൊടൊപ്പമാണ് അദ്ദേഹം ദർശനത്തിനെത്തിയത്. സന്നിധാനത്ത് 11 മണിയോടെ എത്തിയ അജയ് ദേവഗൺ അൽപ്പസമയം വിശ്രമിച്ച ശേഷം 11.30 ഓടെ പതിനെട്ടാം പടികയറി അയ്യപ്പനെ ദർശിച്ചു. മാളികപ്പുറത്തും ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് മടങ്ങി.

സന്നിധാനത്ത് ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ആദ്യമായാണ് അജയ് ദേവഗൺ ശബരിമലയിലെത്തുന്നത്. ഫൂൽ ഓർ കാൺഡെ, പ്യാർ തോ ഹോനാ ഹി ധാ, രാം ഗോപാൽ വർമയുടെ കമ്പനി, ഹം ദിൽ ദേ ചുകേ സനം തുടങ്ങി നിരവധി ബോളിവുഡ് ഹിറ്റുകൾ അദ്ദേഹത്തിന്റേതായുണ്ട്. പത്മശ്രീ ഉൾപ്പടെയുള്ള പുരസ്‌കാര ജേതാവ് കൂടിയാണ് അജയ് ദേവ്ഗൺ.
