കോഴിക്കോട്: കുറ്റിക്കാട്ടൂർ ഗവ.ഹൈസ്കൂൾ പ്രഥമ എസ്.എസ് എൽ സി ബാച്ചിൻ്റെ ആദ്യ സംഗമം പ്രഥമം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടന്നു. കളിയും ചിരിയും പരിഭവങ്ങളുമായി കഴിഞ്ഞുകൂടിയ വിദ്യാലയാനുഭവങ്ങൾ പങ്കുവെയ്ക്കാനും പഴയ സൗഹൃദം പുതുക്കാനും സംഗമം അവസരമൊരുക്കി. സഹപാഠികളുടെ വിശേഷങ്ങൾ തിരക്കാനും കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാനുമെല്ലാം ലഭിച്ച അവസരം എല്ലാവരും വിനിയോഗിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ, ജനപ്രതിനിധികൾ, കൂലിവേലക്കാർ, പ്രവാസികൾ കുടുംബിനികൾ അങ്ങനെ പല മേഖലകളിലായി അവർ വിന്യസിക്കപ്പെട്ടിരിക്കുന്നു. എല്ലാവരെയും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും ആഹ്ലാദവും അമ്പരപ്പുമെല്ലാം ആ മുഖങ്ങളിൽ മിന്നിമറിഞ്ഞു. രാവിലെ തുടങ്ങിയ സംഗമം വൈകുന്നേരം വരെ നീണ്ടുനിന്നു. തങ്ങളുടെ ഗുരുനാഥന്മാരെ കുടി കാണാൻ സാധിച്ചതിലുള്ള സന്തോഷം അവാച്യമായിരുന്നു.
വി.സി അബുബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ബാബു ഉദ്ഘാടനം ചെയ്തു. അംഗങ്ങൾ പരസ്പരം പരിചയപ്പെട്ടു. അധ്യാപകരായ മൂസ കോയ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സിദ്ധാർത്ഥൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. മുഹമ്മദ് .സി, സാമി, ഉഷ, റഹിം, രാജൻ, പ്രേമാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി. സതീശൻ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു. വരും വർഷങ്ങളിലും തങ്ങൾ ഇനിയും ഒത്തുചേരുമെന്ന് പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.