Sunday, December 22, 2024
General

പാറപ്പൊത്തില്‍ കുടുങ്ങിയ കുഞ്ഞുങ്ങളെ എട്ടു മണിക്കൂര്‍ നീണ്ട സാഹസത്തിനൊടുവില്‍ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍


അട്ടമല: വയനാട്ടിലെ അട്ടമലയില്‍ നിന്നു രക്ഷപ്പെടുത്തിയത് നാലു പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെയുള്ള ആദിവാസി കുടുംബത്തെ. ചെങ്കുത്തായ പാറപ്പൊത്തില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഇവരെ രക്ഷപ്പെടുത്തിയത്. എട്ടു മണിക്കൂര്‍ സമയം ചെലവിട്ടാണ് ദുര്‍ഘടമായ രക്ഷാദൗത്യം ഇവര്‍ നടത്തിയത്. ഉരുള്‍പൊട്ടിയ ദിവസം യുവതിയെയും ഒരുചെറിയ കുട്ടിയെയും രാവിലെ അവിടെ കണ്ടിരുന്നുവെന്നും എങ്ങോട്ടാണ് എന്നു ചോദിച്ചപ്പോള്‍ വെറുതെ എന്ന് മറുപടിയും പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭക്ഷണത്തിനായി ഇറങ്ങിയതാവുമെന്നു മനസ്സിലാക്കിയ ഞങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഇവരെ കണ്ടുമുട്ടി. വല്ലാതെ ഭയപ്പെട്ടു നില്‍ക്കുകയായിരുന്നു ഇവര്‍. ഞങ്ങള്‍ അവരെ അവിടെയുള്ള ഒരു പാടി പൊളിച്ച് അതിനുള്ളിലാക്കി. പിന്നീടാണ് അവര്‍ പറയുന്നത് പാറപ്പൊത്തില്‍ മൂന്നുകുട്ടികളും ഭര്‍ത്താവുമുണ്ടെന്ന്. ഇവര്‍ക്ക് ആരോഗ്യപരമായി വല്യ കുഴപ്പമില്ലായിരുന്നു. ഇവര്‍ ചൂരല്‍മലയിലുള്ളതാണെന്നും പേരുമൊക്കെ പിന്നീടാണിവര്‍ പറഞ്ഞത്.

ഈ കനത്ത മഴയില്‍ ഏറാട്ടുകുണ്ടില്‍ താമസിക്കുക പ്രയാസമാണ്. എങ്ങനെയെങ്കിലും ഇവരെ രക്ഷിക്കുക മാത്രമായിരുന്നു ചിന്ത. ചെങ്കുത്തായ ഇറക്കവും മഴപെയ്തു വഴുക്കുനിറഞ്ഞ പാറക്കൂട്ടങ്ങളും കാലുതെറ്റി വീണുപോയാല്‍ ബോഡിപോലും കിട്ടാതത്ര താഴ്ചയും. കയര്‍ മരത്തില്‍ കെട്ടി ഞങ്ങള്‍ തൂങ്ങിയിറങ്ങി. എങ്ങനെയൊക്കെയോ അവിടെയെത്തി. ഇവരുടെ ഭര്‍ത്താവ് പാറപ്പൊത്തിന്റെ മൂലയില്‍ ചുരുണ്ടുകൂടി ഇരിക്കുന്നു. കുഞ്ഞുങ്ങള്‍ അടുപ്പുകല്ലിനിടയിലുമായി ഇരിക്കുന്നു. ഇവരെല്ലാവരും നഗ്നരായിരുന്നു. അവര്‍ എന്തോ കായ കഴിക്കുന്നുണ്ടായിരുന്നു.

ആ കാഴ്ച കണ്ടു കണ്ണ് നനഞ്ഞുപോയി. ഉടനെകുട്ടികളെഎടുത്ത് വെള്ളവും ഭക്ഷണവും നല്‍കി. കൃഷ്ണനെ പറഞ്ഞു മനസിലാക്കി അവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഇവരെ വനംവകുപ്പിന്റെ ആന്റി പോച്ചിങ് ക്യാംപില്‍ എത്തിച്ചു. ഇവിടെക്ക് ഇവരുടെ അമ്മയേയും കൊണ്ടുവന്നു. അവരുടെ കൂടിക്കാഴ്ച കണ്ണു നിറയ്ക്കുന്നതായിരുന്നു. അത്യാവശ്യം ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നല്‍കി ഞങ്ങള്‍ തിരിച്ചുപോയി.


രാവിലെ തിരികെയെത്തുമ്പോള്‍ അവര്‍ ഊരിലേക്കു തന്നെ തിരിച്ചുപോയോ എന്ന് ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പോവാതെ അവരെ അവിടെകണ്ടപ്പോഴാണ് സമാധാനമായത്. മനുഷ്യരുമായി അധികം ഇടപെടാത്തവരാണ് ആദിവാസികള്‍. ജനിച്ചതിനു ശേഷം മറ്റു മനുഷ്യരെ ആദ്യമായാണ് കുഞ്ഞുങ്ങള്‍ കാണുന്നത്.

അവരെ ചൂട് നല്‍കി കൂടെക്കൂട്ടിയതോ ഭക്ഷണവും വസ്ത്രവും നല്‍കിയതൊ ഒക്കെയാവാം അവര്‍ ഞങ്ങളോട് ചിരിക്കുന്നുണ്ട്. അതോടെ പരുക്കേറ്റ വേദനകളെല്ലാം പമ്പകടക്കുകയും ചെയ്തു.


Reporter
the authorReporter

Leave a Reply