തൃശൂർ: തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയേറ്റതായി സംശയമുണ്ട്. ബാംഗ്ലൂരിലെ എസ്‌ആർഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അണുബാധ പകരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. മണ്ണുത്തി വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും.
പത്ത് കിലോമീറ്റർ ചുറ്റളവില്‍ രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കിയാല്‍ ഉടൻ അണുനശീകരണ നടപടി നടപ്പിലാക്കാൻ നിർദ്ദേശം. പന്നികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ആഫ്രിക്കൻ പന്നിപ്പനി (ASF) വളർത്തുപന്നികളിലും കാട്ടുപന്നികളിലും ഉണ്ടാകുന്ന പകർച്ചവ്യാധിയായ ഒരു വൈറല്‍ രോഗമാണ്. 100% വരെയാണ് രോഗത്തിന്റെ മരണനിരക്ക്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല
പന്നി ഫാമുകള്‍ക്ക് വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് രോഗബാധ മൂലം ഏല്‍ക്കുന്നത്. ഉയർന്ന പ്രതിരോധശേഷിയുള്ള വെറസുകളാണിവ. വസ്ത്രങ്ങള്‍, ബൂട്ടുകള്‍, ചക്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയില്‍ ഇതിന് അതിജീവിക്കാൻ കഴിയും. പന്നി ഇറച്ചി ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ വസ്തുക്കളിലും ഇവ അതിജീവിക്കും. കൃത്യമായ പ്രതിരോധ രീതികള്‍ അവലംബിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.










